സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി; മലപ്പുറം ഒഴികെ 3 ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കി

    തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നിലവിലെ ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

    ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ മലപ്പുറം ഒഴികെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് താഴെയാവുകയും ആക്ടീവ് കേസുകള്‍ കുറയുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ഇക്കാര്യം പരിഗണിച്ച് എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നാളെ രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കും. മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും ലോക്ഡൗണ്‍ ഇന്നത്തെ നിലയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

    മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ കൊണ്ട് രോഗവ്യാപനം കുറഞ്ഞില്ല. അത് പ്രത്യേകം പരിശോധിക്കുകയുണ്ടായി. അവിടെ കൂടുതല്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കേണ്ടതായുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് സംവിധാനം കുറേക്കൂടി ജാഗ്രതയോടെ നീങ്ങേണ്ടുതുണ്ടെന്നാണ് കണ്ടിട്ടുള്ളത്. എ.ഡി.ജി.പി.(ലോ ആന്‍ഡ് ഓര്‍ഡര്‍) മലപ്പുറത്ത് പോയി കാര്യങ്ങള്‍ അവലോകനം ചെയ്യും. പോലീസ് ഐ.ജി. മലപ്പുറത്ത് കേന്ദ്രീകരിച്ചു കൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.