തിരുവനന്തപുരം: രോഗവ്യാപനം കുറച്ചുകൊണ്ടുവരാന്‍ ലോക്ഡൗണ്‍ സഹായകമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആശുപത്രികളിലെ തിരക്ക് കുറയുന്നതിനും മരണസംഖ്യയില്‍ കുറവുണ്ടാകുന്നതിനും രണ്ടുമൂന്ന് ആഴ്ചകള്‍ക്കൂടി വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.6 ശതമാനമാണ്. ഇന്ന് അത് 20.41 ആണ്. സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം 10 ദിവസം മുന്‍പ് 4.5 ലക്ഷത്തിന് അടുത്തായിരുന്നു. ഇന്നലത്തെ കണക്കനുസരിച്ച് അത് 2,77,598 ആയി കുറഞ്ഞിട്ടുണ്ട്. ഇന്ന് 2,59,179 ആണ്.
രോഗവ്യാപനത്തെ കുറച്ചുകൊണ്ടുവരാന്‍ ലോക്ഡൗണ്‍ സഹായകമായതായി അനുമാനിക്കാം. 10 ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് രോഗികളില്‍ 91 ശതമാനം ആളുകളെ വീടുകളിലും ഒമ്പത് ശതമാനം ആളുകളെ ആശുപത്രികളിലുമാണ് ചികിത്സിച്ചിരുന്നത്. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സിക്കുന്നവരുടെ എണ്ണം 14 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
ആശുപത്രികളിലെ തിരക്ക് ഇനിയും കുറഞ്ഞിട്ടില്ല. അതിന് ഇനിയും രണ്ടുമൂന്ന് ആഴ്ചകള്‍ വേണ്ടിവരും. മരണ സംഖ്യ കുറയുന്നതിനും അത്രയും സമയം വേണ്ടിവന്നേക്കാം. മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒമ്പത് ദിവസം പിന്നിട്ടെങ്കിലും സര്‍ക്കാര്‍ നടത്തുന്ന തീവ്രശ്രമങ്ങള്‍ക്ക് അനുസരിച്ചുള്ള കുറവ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉണ്ടായിട്ടില്ല. മലപ്പുറത്ത് കൂടുതലും രോഗം പകരുന്നത് വീടുകളില്‍നിന്നുതന്നെയാണ്. കൂട്ടുകുടുംബങ്ങള്‍ ഉള്ളത് ഇതിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.











































