ലക്ഷദ്വീപ് വിഷയം; അബ്ദുള്ളക്കുട്ടിയും ലക്ഷദ്വീപ് ബി.ജെ.പി. നേതാക്കളും ഡല്‍ഹിയില്‍

    കൊച്ചി: ലക്ഷദ്വീപ് ജനതയെ ബാധിക്കുന്ന ഭേദഗതികള്‍ കരടില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദ്വീപിന്റെ ചുമതലയുള്ള ബി.ജെ.പി. നേതാക്കള്‍ ഡല്‍ഹിയില്‍. ബി.ജെ.പി. വൈസ് പ്രസിഡന്റും ലക്ഷദ്വീപിന്റെ ചുമതലയുമുള്ള എ.പി. അബ്ദുള്ളക്കുട്ടി, ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍, ബി.ജെ.പി. ലക്ഷദ്വീപ് വൈസ് പ്രസിഡന്റ് മുത്തുക്കോയ എന്നിവര്‍ ബി.ജെ.പി. സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷുമായി നാളെ കൂടിക്കാഴ്ച നടത്തും.

    വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ബി.ജെ.പിക്കുള്ളില്‍ പലിധത്തിലുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രത്യക്ഷമായ എതിര്‍പ്പ് ചിലര്‍ ഉന്നയിച്ചിരുന്നു. പുതുതായി മുന്നോട്ടുവെച്ച കരടില്‍ ദ്വീപ് നിവാസികളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളുണ്ട്. അക്കാര്യങ്ങള്‍ കരടില്‍നിന്ന് മാറ്റണം എന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ടുവെക്കുക. അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെട്ട കാര്യവും ചര്‍ച്ചയില്‍ ഇടംപിടിക്കുമെന്നാണ് വിവരം.

    അതേസമയം ലക്ഷദ്വീപില്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്. യാത്രാനിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്നു മുതല്‍ നിലവില്‍ വന്നു. എഡിഎമ്മിന്റെ അനുമതിയോടെ മാത്രമേ ഇനി ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. സന്ദര്‍ശക പാസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നിലവില്‍ വന്നുകഴിഞ്ഞു. 24 പേര്‍ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.