കോവിഡ് പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദേശങ്ങളില്ല; പ്രവാസികള്‍ക്ക് വായ്പ

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ നികുതികള്‍ പ്രഖ്യാപിക്കാതെ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. നികുതിയില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും. പ്രതിസന്ധി ഘട്ടത്തില്‍ കടമെടുത്തായാലും നാടിനെ രക്ഷിക്കുമെന്ന നയം തുടരും. ചെലവു ചുരുക്കാനും വരുമാനം കൂട്ടാനുമുള്ള പദ്ധതികള്‍ പ്രതിസന്ധിക്കുശേഷം പ്രഖ്യാപിച്ചേക്കും.

കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തില്‍ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ തന്റെ കന്നി ബജറ്റില്‍ പ്രധാന്യം നല്‍കിയത്. ആരോഗ്യ, സാമൂഹിക, സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ 20,000 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. കോവിഡ് സാഹചര്യത്തില്‍ നികുതി വര്‍ധനയില്ല. വരുമാനമില്ലാത്ത സാഹചര്യത്തില്‍ ആരോഗ്യ പാക്കേജ് അടക്കമുള്ള വലിയ പ്രഖ്യാപനങ്ങള്‍ക്കു പണം കണ്ടെത്തുന്നത് ശ്രമകരമായിരിക്കും. ആരോഗ്യപാക്കേജില്‍ ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവര്‍ക്കു നേരിട്ടു പണം കൈയ്യിലെത്തിക്കുന്നതിനായി 8900 കോടിരൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകള്‍ക്കും പലിശ സബ്സിഡിക്കുമായി 8300 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.

ജനങ്ങള്‍ക്കു നേരിട്ടു പണമെത്തിക്കുന്നത് പെന്‍ഷനുകളുടെ രൂപത്തിലാണോ അതോ മറ്റേതെങ്കിലും മാര്‍ഗത്തിലാണോ എന്നതില്‍ വ്യക്തതയില്ല. ആശുപത്രികളുടെ നിലവാരം ഉയര്‍ത്തുന്നതിനും പകര്‍ച്ച വ്യാധികള്‍ തടയുന്നതിനും 700 കോടിയോളം രൂപ നീക്കി വച്ചു. കേന്ദ്രത്തില്‍നിന്നും കോവിഡ് വാക്സിന്‍ ആവശ്യത്തിനു ലഭിക്കാത്തതിനാല്‍ 18 വയസിനു മുകളിലുള്ളവര്‍ക്കു സൗജന്യ വാക്സിന്‍ നല്‍കാന്‍ 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാന്‍ 500 കോടിയും നീക്കിവച്ചത് ശ്രദ്ധേയമായ നടപടിയായി. കോവിഡ് രോഗികളുടെ ചികില്‍സയ്ക്ക് 150 മെട്രിക് ടണ്‍ ശേഷിയുള്ള ലിക്വിഡ് ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാനും തീരുമാനമായി.

കാര്‍ഷിക-വ്യവസായ-സേവന മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവില്‍ പ്രവര്‍ത്തന ക്ഷമമല്ലാത്ത സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും  കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നതിനു 1600 കോടിരൂപ നീക്കിവച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലൂടെ 1000 കോടിരൂപയുടെ വായ്പ നല്‍കും. 5 ലക്ഷം രൂപ വരെയുള്ള വായ്പ 4 % പലിശയ്ക്കു ലഭ്യമാക്കും. ഇതിനായി 100 കോടി രൂപയാണ് വകയിരുത്തിയത്. റബ്ബര്‍ കര്‍ഷകര്‍ക്കു കൊടുത്തുതീര്‍ക്കാനുള്ള സബ്സിഡി കുടിശിക കൊടുക്കാനായി 50 കോടിരൂപ വകയിരുത്തി. കുടുംബശ്രീ ഉപജീവന പാക്കേജിന്റെ  വിഹിതം 100 കോടിയായി ഉയര്‍ത്തി. വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്താനുള്ള നോളജ് ഇക്കോണമി ഫണ്ട് 200 കോടിയില്‍നിന്ന് 300 കോടിയായി ഉയര്‍ത്തി.

പ്രവാസികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് 1,000 കോടി രൂപ വായ്പ നല്‍കും. പലിശ ഇളവ് നല്‍കുന്നതിനായി 25 കോടി വകയിരുത്തി. കെഎഫ്‌സിയുടെ വായ്പ അടുത്ത 5 വര്‍ഷം കൊണ്ട് 10,000 കോടിയായി ഉയര്‍ത്തും. ഈ വര്‍ഷം 4,500 കോടി രൂപയുടെ പുതിയ വായ്പ കെഎഫ്‌സി അനുവദിക്കും. കെഎഫ്‌സിയില്‍നിന്ന് വായ്പ എടുത്ത് 2020 മാര്‍ച്ചുവരെ കൃത്യമായി തിരിച്ചടച്ചവര്‍ക്ക് കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിന് 20 ശതമാനം അധിക വായ്പ അനുവദിച്ചിരുന്നു. ഇത്തരം സംരംഭകര്‍ക്ക് 20 ശതമാനം വായ്പകൂടി അധികമായി നല്‍കും. ഇതിനായി 50 കോടി വകയിരുത്തി. പ്രതിസന്ധി നേരിടുന്നവര്‍ക്ക് വായ്പാ തിരിച്ചടവിന് ഒരു വര്‍ഷം മൊറട്ടോറിയം അനുവദിക്കും.

ആയുഷ് വകുപ്പിന് 20 കോടി അനുവദിക്കും. വിനോദസഞ്ചാര മേഖലയ്ക്ക് മാര്‍ക്കറ്റിങിന് 50 കോടി രൂപ അധികമായി വകയിരുത്തി. ടൂറിസം പുനരുജ്ജീവന പാക്കേജിന് സര്‍ക്കാര്‍ വിഹിതമായി 30 കോടി രൂപ അനുവദിച്ചു. വില്ലേജ് ഓഫിസുകള്‍ എല്ലാം സ്മാര്‍ട്ടാക്കും. കോവിഡ് കാരണം മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് പ്രഖ്യാപിച്ച ധനസഹായത്തിനായി 5 കോടി രൂപ വകയിരുത്തി. കെ.ആര്‍.ഗൗരിയമ്മയ്ക്കും ആര്‍.ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം നിര്‍മിക്കുന്നതിന് രണ്ടു കോടി വീതം വകയിരുത്തി.