ന്യൂഡൽഹി, ജൂൺ 06, 2021
വിവിധ സംസ്ഥാനങ്ങളിലേക്ക് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) എത്തിച്ച് ആശ്വാസം പകരുന്നതിനുള്ള യാത്ര ഇന്ത്യൻ റെയിൽവേ തുടരുകയാണ്. കേരളം (513 MT) ഉൾപ്പെടെ 15 സംസ്ഥാനങ്ങളിലേക്ക് ഇതുവരെ 1534 ടാങ്കറുകളിലായി ഇന്ത്യൻ റെയിൽവേ 26,281 MT എൽഎംഒ വിതരണം ചെയ്തു. 376 ഓക്സിജൻ എക്സ്പ്രസ്സുകളാണ് ഇതുവരെ യാത്ര പൂർത്തിയാക്കിയത്.
ഓക്സിജൻ വിതരണ സ്ഥലങ്ങളിലേക്കു വേഗത്തിൽ എത്താനായി റെയിൽവേ വിവിധ റൂട്ടുകൾ തയ്യാറാക്കുകയും സംസ്ഥാനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ച് സ്വയം സന്നദ്ധരായിരിക്കുകയും ചെയ്യുന്നു. ലിക്വിഡ് മെഡിക്കൽ ഓക്സിജൻ കൊണ്ടുവരുന്നതിനായി സംസ്ഥാനങ്ങളാണ് ഇന്ത്യൻ റെയിൽവേയ്ക്ക് ടാങ്കറുകൾ നൽകുന്നത്.
ഓക്സിജൻ ദുരിതാശ്വാസം സാധ്യമായ വേഗതയിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനു വേണ്ടി ഈ നിർണായക ചരക്ക് തീവണ്ടികളുടെ ശരാശരി വേഗത, പ്രത്യേകിച്ചും ദീർഘ ദൂര വണ്ടികളിൽ, 55 ന് മുകളിലാണ്. ഓക്സിജൻ ഏറ്റവും വേഗത്തിൽ നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ഈ തീവണ്ടികൾ ഉയർന്ന മുൻഗണനയുള്ള ഗ്രീൻ കോറിഡോറിലൂടെ ഓടിക്കുകയും, വിവിധ മേഖലകളിലെ ഓപ്പറേഷൻ ടീമുകൾ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും മുഴുവൻ സമയവും പ്രവർത്തിക്കുകയും ചെയുന്നു.
വ്യത്യസ്‌ത വിഭാഗങ്ങളിലെ ജീവനക്കാരുടെ മാറ്റങ്ങൾക്കായി അനുവദിക്കപ്പെട്ട സാങ്കേതിക സ്റ്റോപ്പേജുകൾ 1 മിനിറ്റായി കുറച്ചിട്ടുണ്ട്. ട്രാക്കുകളിലെ മാർഗ തടസ്സങ്ങൾ നീക്കി തുറന്നിടുകയും ഓക്സിജൻ വഹിച്ചുകൊണ്ടുള്ള ട്രെയിനുകളുടെ യാത്ര ഭംഗമില്ലാതെ തുടരുന്നു എന്ന് ഉറപ്പു വരുത്താൻ ഉയർന്ന ജാഗ്രത പാലിക്കുകയും ചെയ്യുന്നു.