കോവിഡ് : 15 കോടി രൂപയുടെ ധനസഹായവുമായി രവി പിള്ളയുടെ ആര്‍. പി. ഫൗണ്ടേഷന്‍

കോവിഡ് മൂലം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായ പ്രവാസികള്‍ ഉള്‍പ്പടെയുള്ള മലയാളികള്‍ക്ക് സഹായ ഹസ്തവുമായി ആര്‍ പി ഫൗണ്ടേഷന്‍. ആഗോളതലത്തില്‍ നിരവധി പേരുടെ ജീവനെടുക്കുകയും ബിസിനസ്സ് മേഖലയുടെ തകര്‍ച്ചക്ക് കാരണമാവുകയും ചെയ്ത കോവിഡ്, പ്രവാസികള്‍ ഉള്‍പ്പടെ നിരവധി മലയാളികളുടെ ജീവഹാനിക്കും തൊഴില്‍ നഷ്ടത്തിനും ഇടയാക്കിയെന്ന് പ്രവാസി വ്യവസായിയും ആര്‍ പി ഗ്രൂപ് ചെയര്‍മാനുമായ രവി പിള്ള പറഞ്ഞു.

കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന മാതാപിതാക്കള്‍ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ നിലനില്‍പ്പിനായുള്ള അവരുടെ കഷ്ടപ്പാടുകള്‍ നേരിട്ടും ആര്‍ പി ഫൗണ്ടേഷന്‍ മുഖേനയും നിരന്തരം തന്നെ അറിയിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘കോവിഡ് പ്രതിസന്ധി തുടങ്ങിയതുമുതല്‍ ആര്‍ പി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിരവധി രാജ്യങ്ങളിലെ കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും അനേകം കുടുംബങ്ങള്‍ക്ക് യാത്രാ സഹായം ഉള്‍പ്പടെ നിരവധി സാമ്പത്തിക സഹായങ്ങള്‍  നല്‍കി വരികയുമാണ്. ഇത് കൂടാതെ കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ചവറ ശങ്കരമംഗലം സ്‌കൂളില്‍ 250 രോഗികളെ കിടത്തി ചികില്‍സിക്കുന്നതിനുള്ള കോവിഡ് ചികിത്സ കേന്ദ്രമൊരുക്കി. മറ്റുള്ളവരുടെ വേദന പങ്കിട്ട് അവര്‍ക്ക് താങ്ങും തണലുമാകാന്‍ കഴിയുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കര്‍ത്തവ്യമായി കരുതുന്നുവെന്ന് രവി പിള്ള പറഞ്ഞു.”

കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന അര്‍ഹരായ എല്ലാവര്‍ക്കും എത്രയും പെട്ടന്ന് ആര്‍ പി ഫൗണ്ടേഷന്‍ 15 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഇതില്‍ അഞ്ചു കോടി രൂപ നോര്‍ക്ക റൂട്സിലൂടെ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികളെ സഹായിക്കുന്നതിന് വേണ്ടി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് കൈമാറും.

പത്തു കോടി രൂപ ആര്‍ പി ഫൗണ്ടേഷനിലൂടെ കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന  കുടുംബങ്ങള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുള്ള കല്യാണപ്രായമായ പെണ്‍കുട്ടികളുടെ വിവാഹത്തിനും ചികിത്സ ആവശ്യങ്ങള്‍ക്കും സാമ്പത്തിക പരാധീനതയുള്ള വിധവകളായ സ്ത്രീകള്‍ക്കുള്ള സഹായമായും വിതരണം ചെയ്യും. കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പരമാവധി ആളുകളിലേക്ക് സഹായം എത്തിക്കാനാണ് ആര്‍ പി ഫൗണ്ടേഷന്‍ ലക്ഷ്യംവെക്കുന്നതെന്നും രവി പിള്ള പറഞ്ഞു.

സഹായം ലഭിക്കുന്നതിനായി അര്‍ഹരായ ആളുകള്‍ സ്ഥലം എം.പി/മന്ത്രി/എം.എല്‍.എ/ജില്ലാ കളക്ടര്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രത്തോടൊപ്പം ആര്‍ പി ഫൗണ്ടേഷന്റെ താഴെ പറയുന്ന അഡ്രസ്സില്‍ എത്രയും പെട്ടന്ന് അപേക്ഷിക്കണമെന്ന് രവി പിള്ള അഭ്യര്‍ത്ഥിച്ചു.

RP Foundation, P.B. No. 23, Head Post Office, Kollam – 01
Kerala, India
OR Email to: rpfoundation@drravipillai.com