കൊച്ചി തൊടാതെ അഡ്മിനിസ്ട്രേറ്റര്‍ ലക്ഷദ്വീപിലേക്ക്; കരിദിനം ഒഴിവാക്കണമെന്ന് പോലീസ്

    കൊച്ചി: അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ലക്ഷദ്വീപിലെത്തും. ദാമന്‍ ദ്യുവില്‍ നിന്ന് നേരിട്ട് ലക്ഷദ്വീപിലേക്കാണ് അദ്ദേഹം പോകുന്നത്. കവരത്തിയിലാണ് അദ്ദേഹമെത്തുന്നത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ എത്താതെയാണ് യാത്ര. ഇതോടെ അഡ്മിനിസ്ട്രേറ്ററെ നേരില്‍ കണ്ട് പ്രതിഷേധമറിയിക്കാനുളളള ജനപ്രതിനിധികളുടെ നീക്കവും പാളി.

    അഡ്മിനിസ്ട്രേറ്ററെ കാണാന്‍ കഴിയില്ലെന്ന് അറിഞ്ഞതോടെ എം.പിമാരായ ടിഎന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത് എം.എല്‍.എ എന്നിവര്‍ മടങ്ങി. പ്രതിഷേധം ഭയന്ന് അഡ്മിനിസ്ട്രേറ്റര്‍ ഒളിച്ചോടുന്നുവെന്ന് പ്രതാപന്‍ പറഞ്ഞു.

    അതിനിടെ, ലക്ഷദ്വീപില്‍ കരിദിനം ആചരിക്കുന്നതിനെതിരെ പോലീസ് രംഗത്തെത്തി. അഡ്മിനിസ്ട്രേറ്റര്‍ എത്തുന്നത് പ്രമാണിച്ചാണ് ലക്ഷദ്വീപ് നിവാസികളുടെ- കരിദിന ആചരണം. ദ്വീപില്‍ കെട്ടിയിരിക്കുന്ന കരിങ്കൊടികള്‍ നീക്കണമെന്ന പോലീസ് അറിയിച്ചു.

    അതേസമയം, ലക്ഷദ്വീപുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ കേരളത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ‘ദ വീക്ക്’ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രഫുല്‍ പട്ടേല്‍ ഉയര്‍ത്തുന്നത്. ദ്വീപ് വികസനത്തെ എതിര്‍ക്കുന്നത് കേരളമാണ്. പ്രതിഷേധത്തിന് പിന്നില്‍ കേരളമാണ്. കേരളത്തില്‍ നിന്നാണ് പ്രതിഷേധമുയരുന്നത്. 73 വര്‍ഷമായി വികസനം മുരടിച്ചുകിടക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. മദ്യം അനുവദിച്ചത് ടൂറിസത്തിനു വേണ്ടിയാണ്. അതിനെ വര്‍ഗീയമായി കാണരുതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.