മമത ബാനര്‍ജിക്ക് സോഷ്യലിസം താലിചാര്‍ത്തി, കമ്യൂണിസവും ലെനിനിസവും സാക്ഷി

ചെന്നൈ: വ്യത്യസ്ത പേരുകളിലൂടെ സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ ശ്രദ്ധനേടിയ സോഷ്യലിസവും മമതാ ബാനര്‍ജിയും സേലത്ത് വിവാഹിതരായി, സാക്ഷികളായി കമ്യൂണിസവും ലെനിനിസവും…

സി.പി.ഐ. സേലം ജില്ലാ സെക്രട്ടറി എ. മോഹനന്റെ മകനാണു സോഷ്യലിസം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പേരാണു വധുവിന്. കമ്യൂണിസവും ലെനിനിസവും സോഷ്യലിസത്തിന്റെ സഹോദരങ്ങളും. സോഷ്യലിസത്തിന്റേത് തീര്‍ത്തും കമ്യൂണിസ്റ്റ് കുടുംബമാണെങ്കിലും മമതയുടെ വീട്ടുകാര്‍ കോണ്‍ഗ്രസ് അനുഭാവികളാണ്.

ലളിതമായ രീതിയിലായിരുന്നു വിവാഹം. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ആര്‍. മുത്തരശസനാണു വിവാഹത്തിനു മുഖ്യകാര്‍മികത്വം വഹിച്ചത്. രക്തഹാരത്തിനു പകരം താലിമാലയാണു സോഷ്യലിസം മമതയെ അണിയിച്ചതെന്നു മാത്രം. തിരുപ്പുര്‍ എം.പി: കെ. സുബ്ബരായന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തു. വീടിനു മുന്നില്‍ ചെങ്കൊടി ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചശേഷമാണു വരനും സംഘവും വിവാഹമണ്ഡപത്തിലെത്തിയത്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ കമ്യൂണിസം ഇല്ലാതായെന്ന പ്രചാരണം മനസിനെ വേദനിപ്പിച്ചതോടെയാണു മക്കള്‍ക്ക് കമ്യൂണിസ്റ്റ് ആശയങ്ങളുമായി ചേര്‍ന്ന പേരുകള്‍ ഇടാന്‍ തീരുമാനിച്ചതെന്നു മോഹനന്‍ പറഞ്ഞു. കമ്യൂണിസം അഭിഭാഷകനാണ്. ലെനിനിസവും സോഷ്യലിസവും ചേര്‍ന്ന് വെള്ളി ആഭരണശാല നടത്തുകയാണ്.