സംസ്ഥാനത്ത് കോവിഡ് വ്യാപനനിരക്ക് കുറഞ്ഞുവരുന്നുണ്ട്.

ഇന്ന് 7719 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ നടന്ന പരിശോധന: 68573.
ഇന്നത്തെ മരണ സംഖ്യ 161 ആണ്. ഇപ്പോള്‍ ആകെ 113817 പേര്‍ ചികിത്സയിലുണ്ട്.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.7 ശതമാനമാണ്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലൊഴികെ ബാക്കിയെല്ലാ ജില്ലകളിലും ടി.പി.ആര്‍ 15ലും താഴെയെത്തി. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ അത് 10 ശതമാനത്തിലും താഴെയായിരിക്കുന്നു. കഴിഞ്ഞ ഒരു ആഴ്ചയില്‍ പത്തു ശതമാനം കുറവ് ടി.പി.ആറില്‍ ഉണ്ടായതായി കാണാന്‍ സാധിച്ചു. കേസുകളുടെ എണ്ണത്തില്‍ 20 ശതമാനവും കുറവുണ്ടായിരിക്കുന്നു.

എന്നാല്‍ ജില്ലാതലത്തില്‍ ഈ കണക്കാക്കുകള്‍ക്കപ്പുറം തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ തിരിച്ച് എടുത്താല്‍ മറ്റൊരു ചിത്രവും കാണാം. 14 തദ്ദേശ സ്ഥാപന പരിധിയില്‍ ടി പി ആര്‍ 35 ശതമാനത്തിലും കൂടുതലാണ്. മുപ്പത്തിഏഴെണ്ണത്തില്‍ 28 മുതല്‍ 35 വരെയാണ്. 127 ഇടത്ത് ഇരുപത്തിയൊന്നിനും ഇരുപത്തിയെട്ടിനും ഇടയിലാണ്.

ഉദ്ദേശിച്ച രീതിയില്‍ രോഗവ്യാപനത്തില്‍ കുറവ് വന്നിട്ടുണ്ട് എന്ന് തന്നെയാണ് കാണുന്നത്.
ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ പതിനാറുവരെ തുടരുന്നുണ്ട്. തുടര്‍ന്നുള്ള നാളുകളില്‍ ലോക്ക് ഡൌണ്‍ സ്ട്രാറ്റജിയില്‍ മാറ്റം വരുത്തും.
സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയും നടപ്പാക്കുന്നതിന് പകരം രോഗ വ്യാപനത്തിന്‍റെ തീവ്രതയ്ക്കനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്.

പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോതു കണക്കാക്കി തരം തിരിച്ചു പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കും. അതിന്‍റെ വിശദമായ കാര്യങ്ങള്‍ അടുത്ത ദിവസം തീരുമാനിച്ചറിയിക്കും.

പരിശോധനകള്‍ നല്ല തോതില്‍ വര്‍ധിപ്പിക്കണം എന്ന് തന്നെയാണ് കാണുന്നത്. അക്കാര്യത്തിലും നിരീക്ഷണത്തില്‍ കഴിയേണ്ടതിന്‍റെ പ്രാധാന്യം വിശദീകരിച്ചും പുതിയ ക്യാംപയിന്‍ തന്നെ ആലോചിക്കും.

വീടുകളില്‍ നിന്നാണ് ഇപ്പോള്‍ കൂടുതലായി രോഗം പകരുന്നത്. അത് തടയാനുള്ള മാർഗങ്ങളും നടപ്പാക്കും.

ആദിവാസി കോളനികളില്‍ 119 എണ്ണത്തില്‍ 10 കി.മീ ചുറ്റളവില്‍ വാക്സിനേഷന്‍ സെന്‍റര്‍ ഇല്ല എന്നാണ് മനസ്സിലാക്കുന്നത്. അവിടങ്ങളില്‍ ക്യാമ്പുകളും സംഘടി പിക്കാനായിട്ടില്ല. 362 കോളനികളില്‍ സ്പെഷ്യല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ബാക്കി ഉള്ള കോളനികളിലും ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദശം നല്‍കിയിട്ടുണ്ട്.

ഈയടുത്തായി മരണസംഖ്യ കൂടി വന്നത് രോഗികളൂടെ എണ്ണത്തിലുണ്ടായ വര്‍ധനക്കനുപാതമായാണ്. ഗുരുതരമായ അനുബന്ധരോഗങ്ങള്‍ ഉള്ളവരാണ് മരണമടഞ്ഞവരില്‍ ഭൂരിഭാഗവും. അതുകൊണ്ടു തന്നെ പ്രമേഹം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവര്‍ രോഗം നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ വിട്ടുവീഴ്ച ചെയ്യാതെ നോക്കേണ്ടതുണ്ട്. കേരളത്തിലെ മരണനിരക്കില്‍ കാര്യമായ വര്‍ദ്ധനവൊന്നും ഉണ്ടാകാതെ ഇരുന്നത് നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ പുലര്‍ത്തിയ മികവിന്‍റെ ഫലമായാണ്.

അതിവ്യാപന ശേഷിയുള്ള വൈറസിനെ ചെറുത്ത് മൂന്നാം തരംഗത്തെ തടയാന്‍ വലിയ ബഹുജന കൂട്ടായ്മ തന്നെ ഉണ്ടാകേണ്ടതുണ്ട്. ലോക്ക് ഡൌണ്‍ കൊണ്ട് മാത്രം നമുക്ക് ഇതാകെ നേടാൻ കഴിയുന്നതല്ല.

ലോക് ഡൗണ്‍ സംസ്ഥാനത്ത് പൊതുവേ പൂര്‍ണ്ണമാണ്. കഴിഞ്ഞ രണ്ടുദിവസം സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയിരുന്നു. പൊതുജനം പൂര്‍ണ്ണമനസ്സാടേെ തന്നെ ലോക്ക് ഡൗണുമായി സഹകരിക്കുന്നുണ്ട്. കാര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കി സ്വന്തം അസൗകര്യങ്ങള്‍ പരിഗണിക്കാതെ ലോക്ക് ഡൗണില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.

വ്യാപനനിരക്ക് വളരെ കൂടുതലുള്ള ഡെല്‍റ്റാ വൈറസിന്‍റെ സാന്നിദ്ധ്യം കൂടുതല്‍ നാളുകള്‍ തുടര്‍ന്നേക്കാമെന്നതു കൊണ്ട് ലോക്ക്ഡൌണ്‍ പിന്‍വലിച്ചു കഴിഞ്ഞാലും കോവിഡ് പെരുമാറ്റചട്ടങ്ങള്‍ പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത കാട്ടേണ്ടതാണ്. ഡെല്‍റ്റാ വൈറസ് കാരണം രോഗം ഭേദമാകുന്നവരിലും വാക്സിന്‍ എടുത്തവരിലും വീണ്ടും രോഗബാധ ഉണ്ടായേക്കാം. എന്നാല്‍ ഇങ്ങനെ രോഗമുണ്ടാകുന്നവരില്‍ കഠിനമായ രോഗലക്ഷണങ്ങളും മരണ സാധ്യതയും വളരെ കുറവാണെന്നത് ആശ്വാസകരമാണ്. എങ്കിലും ക്വാറന്‍റൈനും ചികിത്സയും വേണ്ടിവരുന്നതിനാല്‍ വാക്സിനെടുത്തവരും രോഗം ഭേദമായവരും തുടര്‍ന്നും കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കാന്‍ ശ്രമിക്കേണ്ടതാണ്.

കോവിഡ് വാക്സിന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന മുറക്ക് വാക്സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ച് വരികയാണ്. എന്നാല്‍ എത്ര ശ്രമിച്ചാലും സാമൂഹ്യ പ്രതിരോധം കൈവരിച്ച് രോഗനിയന്ത്രണം കൈവരിക്കാന്‍ മാസങ്ങളും വർഷങ്ങളും എടുത്തേക്കാമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ പറയുന്നത്. അതിവ്യാപനമുള്ള ഡെല്‍റ്റാ വൈറസിന്‍റെ സാന്നിധ്യവുമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് മറ്റൊരു ലോക്ഡൗണിലേയ്ക്ക് സംസ്ഥാനത്തെ തള്ളിവിടാതിരിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കേണ്ടതുണ്ട്.

കോവിഡ് ചികിത്സക്കയ്ക്കൊപ്പം കോവിഡേതര രോഗങ്ങള്‍ ചികിത്സിക്കാനും ശ്രദ്ധിക്കുന്നുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതനുസരിച്ച് വിവിധ തലങ്ങളിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ കോവിഡിതര രോഗികളെ പരിചരിച്ച് തുടങ്ങുന്നതാണ്. ഇക്കാര്യത്തില്‍ ആരും ആശങ്കപെടേണ്ടതില്ല. ഇതിനകം മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ടെലിമെഡിസിന്‍ സംവിധാനം കൂടുതല്‍ വിപുലീകരിക്കാനും പദ്ധതിയുണ്ട്.

മൂന്നാം തരംഗത്തെ പറ്റി അതിശയോക്തി കലര്‍ന്ന റിപ്പോര്‍ട്ടുകളോര്‍ത്ത് ഭയക്കേണ്ടതില്ല. മൂന്നാം തരംഗമുണ്ടായാല്‍ തന്നെ അതിനെ നേരിടാന്‍ സർക്കാർ ഉചിതമായ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. എന്നാല്‍ പുതിയൊരു തരംഗം താനെയുണ്ടാവില്ലെന്നും കോവിഡ് നിയന്ത്രണത്തിലുണ്ടാവുന്ന വീഴ്ചയുടെ ഫലമായുണ്ടാവുന്നതാണെണെന്നും അറിഞ്ഞിരിക്കേണ്ടതാണ്. അത് ഒഴിവാക്കാന്‍ എല്ലാവരും ഒത്തു ചേർന്ന് കൈകോർത്ത് ശ്രമിക്കേണ്ടതാണ്.

ഇതുവരെ 1,12,12,353 ഡോസ് വാക്സിനാണ് ജൂണ്‍ 13 വരെ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ 5,24,128 പേര്‍ക്ക് ആദ്യ ഡോസും 4,06,035 പേര്‍ക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. മറ്റു മുന്‍നിര പ്രവര്‍ത്തകരില്‍ 5,39,624 പേര്‍ക്ക് ആദ്യ ഡോസും 4,03,454 പേര്‍ക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. 45 വയസ്സിനു മുകളിലുള്ള 68,14,751 പേര്‍ക്ക് ആദ്യ ഡോസും 14,27,998 പേര്‍ക്ക് രണ്ടു ഡോസുകളും നല്‍കി. 18 മുതല്‍ 44 വയസ്സു വരെയുള്ള 10,95,405 പേര്‍ക്ക് ആദ്യ ഡോസും 958 പേര്‍ക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു.

സംസ്ഥാനത്തെ വൃദ്ധ സദനങ്ങളിലെ അന്തേവാസികളില്‍ 91 ശതമാനം പേര്‍ക്കും ആദ്യ ഡോസ് നല്‍കി. 14 ശതമാനം പേര്‍ക്ക് രണ്ടു ഡോസും ലഭിച്ചു. ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ 45 വയസ്സിനു മുകളിലുള്ളവരില്‍ 75 ശതമാനം പേര്‍ക്ക് വാക്സിനേഷന്‍ നല്‍കി. അവര്‍ക്കിടയില്‍ 18 മുതല്‍ 44 വയസ്സ് വരെയുള്ളവരില്‍ 12 ശതമാനം പേര്‍ക്കാണ് ഇതുവരെ വാക്സിന്‍ ലഭിച്ചത്.

കഴിഞ്ഞ 7 ദിവസങ്ങളില്‍ 9,46,488 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. അതില്‍ 77622 പേര്‍ക്കാണ് രണ്ടാമത്തെ ഡോസ് നല്‍കിയത്. 8,68,866 പേര്‍ക്ക് ആദ്യത്തെ ഡോസ് ലഭിച്ചു.

കേന്ദ്ര ഗവണ്മെന്‍റില്‍ നിന്നും കേരളത്തിനിതു വരെ ലഭിച്ചത് 98,83,830 ഡോസ് വാക്സിനാണ്. അതില്‍ നിന്നും 1,00,69,172 ഡോസ് നല്‍കാന്‍ നമുക്ക് സാധിച്ചു. സംസ്ഥാന ഗവണ്മെന്‍റ് നേരിട്ട് ശേഖരിച്ചത് 10,73,110 ഡോസ് വാക്സിനാണ്. അതില്‍ നിന്നും ഇതുവരെ 8,92,346 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്.

കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചതില്‍ 4.32 ലക്ഷം ഡോസ് വാക്സിനും, സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ശേഖരിച്ചതില്‍ 2.08 ലക്ഷം ഡോസ് വാക്സിനുമാണ് ഇപ്പോള്‍ സ്റ്റോക്കിലുള്ളത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയമം ഉള്‍പ്പെടെയുള്ളവയിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പോലീസ് നടപടി സ്വീകരിക്കുന്നത്. ഇത്തരത്തില്‍ ഈടാക്കുന്ന പിഴത്തുക സര്‍ക്കാര്‍ ട്രഷറിയില്‍ അടയ്ക്കുകയാണ് ചെയ്യുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴ പോലീസിനാണ് ലഭിക്കുന്നതെന്ന രീതിയില്‍ ഒരു പ്രചാരണം വന്നതുകൊണ്ടാണ് ഇത് പറയുന്നത്. പോലീസ് പിഴ ഈടാക്കുന്നത് നിലവിലുള്ള നിയമപ്രകാരം മാത്രമാണ്. സ്വന്തം ജീവന്‍ പണയം വച്ചുതന്നെയാണ് പോലീസ് നമ്മുടെ നിരത്തുകളില്‍ നിയന്ത്രണം നടപ്പിലാക്കുന്നത്. അതിനവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. ഈ ജോലിത്തിരക്കിനിടയില്‍ ധാരാളം പോലീസുകാര്‍ രോഗബാധിതരാകുന്നുണ്ട്. നിലവില്‍ 375 പോലീസുകാരാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 6,987 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,199 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 32,17,400 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

മൂന്നാമത്തെ തരംഗത്തിനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടുകൊണ്ട് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തി വരികയാണ്. മുതിര്‍ന്നവരില്‍ വലിയ ശതമാനം ആളുകള്‍ക്ക് വാക്സിനേഷന്‍ വഴിയും രോഗബാധയാലും രോഗപ്രതിരോധ ശക്തി ആര്‍ജ്ജിക്കാന്‍ സാധ്യതയുള്ളതിനാല്‍, മൂന്നാമത്തെ തരംഗത്തില്‍ അതുവരെ കാര്യമായി രോഗബാധയുണ്ടാവാത്ത കുട്ടികള്‍ക്കിടയില്‍ കേസുകള്‍ ചിലപ്പോള്‍ കൂടിയേക്കാം. അതുകണക്കിലെടുത്ത് അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയോടു കൂടിയാണ് സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നത്.

ജൂണ്‍ 2നു തന്നെ അതുമായി ബന്ധപ്പെട്ടെ സര്‍ക്കാര്‍ ഉത്തരവു പുറത്തിറങ്ങിയിരുന്നു. കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിച്ചുള്ള ട്രയാജ് പ്രോട്ടോക്കോള്‍, അവരെ ചികിത്സിക്കാന്‍ ആവശ്യമായ മാര്‍ഗരേഖ, ഡിസ്ചാര്‍ജ് നയം എന്നിവ തയ്യാറാക്കിക്കഴിഞ്ഞു. കോവിഡ് വന്ന കുട്ടികളില്‍ അപൂര്‍വമായി കാണുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം എന്ന രോഗത്തെ കണ്ടെത്താനും ചികിത്സിക്കാനുമുള്ള മാര്‍ഗരേഖയും തയ്യാറാക്കി. ഇക്കാര്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാവശ്യമായ ട്രെയിനിങ്ങ് നല്‍കി വരികയാണ്.
അതോടൊപ്പം ആശുപത്രികളില്‍ കുട്ടികളുടെ ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങളും നടന്നു വരുന്നു.