കോളജ് വിദ്യാർത്ഥികൾക്കായുള്ള ലഹരി വിരുദ്ധ പ്രചാരണത്തിന് ശനിയാഴ്ച്ച തുടക്കം

എറണാകുളം: സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജന മിഷൻ്റെ ആഭിമുഖ്യത്തിൽ കോളജ് വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന ലഹരി വിരുദ്ധ പ്രചാരണത്തിന് ജില്ലയിൽ ഇന്ന് ( ശനി) തുടക്കമാകും. വൈകിട്ട് 3 ന് നടക്കുന്ന ചടങ്ങിൽ സിനിമാ താരം ജയകൃഷ്ണൻ പ്രചാരണത്തിൻ്റെ ഉദ്ഘാടനം ഒൺലൈനായി നിർവഹിക്കും. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. വിനോജ് മുഖ്യ പ്രഭാഷണം നടത്തും. മൂവാറ്റുപുഴ വിമുക്തി ഡി അഡിക്ഷൻ സെൻ്ററിലെ സൈക്യാട്രിക് സോഷ്യൽ വർക്കർ ബിബിൻ ജോർജ് ക്ലാസ് നയിക്കും.

എടത്തല എം.ഇ.എസ് കോളജ് ഓഫ് അഡ് വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥികളാണ് ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നത്. കോളജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിരുദ്ധ പ്രചാരണം സജീവമാക്കുന്നതിൻ്റെ ഭാഗമായാണ് ബോധവൽക്കരണ പരിപാടികൾ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ജില്ലയിലെ ഓരോ താലൂക്കുകളിലേയും തിരഞ്ഞെടുത്ത ഓരോ കോളജുകളിലാണ് പരിപാടികൾ നടത്തുന്നത്. പ്രചാരണത്തിൻ്റെ ഭാഗമായി എക്സൈസ് ഉദ്യോഗസ്ഥരും വിമുക്തി ലഹരി വർജന മിഷനിലെ കൗൺസലർമാരും വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകും. കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ നിലനിൽക്കുന്നതിനാൽ ഒൺലൈനായാണ് ആദ്യഘട്ട പരിപാടികൾ നടക്കുന്നത്.