അടച്ചുപൂട്ടലിൽ നിന്നും അടിപൊളിയിലേക്ക്: മാതൃകയായി കയ്പമംഗലം ജി എൽ പി എസ്

വിദ്യാഭ്യാസ മേഖലയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊണ്ടു വന്ന മാറ്റങ്ങൾ ഒരു നാടിന് കൂടി ഉണർവേകിയ കഥയാണ് കയ്പമംഗലം ജി എൽ പി എസിന് പറയാറുള്ളത്. അടച്ചുപൂട്ടൽ ഭീഷണി നേരിട്ട വിദ്യാലയങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഈ വിദ്യാലയം പൊതുവിദ്യാഭ്യാസ യജ്ഞത്തിൻ്റെ ഫലമായി ജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിലേക്ക് ഉയരുകയാണ്. സർക്കാരിന്റെ നൂറു ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി മികവിന്റെ കേന്ദ്രമാകുകയാണ് കയ്പമംഗലം ജി എൽ പി എസ്.

131 വർഷം പഴക്കമുള്ള തീരദേശ മേഖലയിലെ ആദ്യത്തെ വിദ്യാലയമായ ജി എൽ പി എസ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്ന് കൂടിയാണ്. വിദ്യാഭ്യാസ മേഖലയിൽ ഏറെ പിന്നോക്കം നിന്നിരുന്ന തീരമേഖലയിൽ ഒരു കൂട്ടം വ്യക്തികൾ ചേർന്ന് സ്ഥാപിച്ച കരിമ്പ്രം വിദ്യാഭിവർധിനിസഭയുടെ കീഴിൽ 1890ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1905ൽ സംസ്ഥാന സർക്കാർ സ്‌കൂൾ ഏറ്റെടുത്തു നടത്തുന്നതിന്റെ ഭാഗമായി തൃശൂർ ജില്ലാ ബോർഡിന് സ്‌കൂളിന്റെ ചുമതല വന്നതോടെ ബോർഡ് സ്‌കൂൾ എന്നാണ്  അറിയപ്പെട്ടിരുന്നത്. പിന്നീട് സർക്കാർ ഏറ്റെടുത്തതോടെയാണ് ജി എൽ പി എസ് എന്ന് നാമകരണം ചെയ്തത്. കയ്പമംഗലം പഞ്ചായത്തിലെ പ്രഥമ വിദ്യാലയം കൂടിയാണ് ജി എൽ പി എസ്.

ഒന്നാം ക്ലാസ് പ്രവേശനത്തില്‍ 10 ശതമാനത്തിന്റെ വര്‍ധന കൈവരിക്കണമെന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശം. എന്നാൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്ന സ്കൂള്‍ ഇതിൽ 50 ശതമാനത്തിലധികം വര്‍ധനയാണ് നേടിയത്. പിടിഎ, എംപിടിഎ, ഒ എസ് എ, എസ് എം എ അംഗങ്ങളും സ്‌കൂൾ അധികൃതരും നാട്ടുകാരും പഞ്ചായത്തും കൈകോര്‍ത്ത് നടത്തിയ വേറിട്ട പരിശ്രമമാണ് സ്കൂളിനെ ഉയര്‍ച്ചയിലേക്ക് നയിച്ചത്. മുൻ പ്രധാനാധ്യാപിക കദീജാബിയുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പി ടി എ യുടെയും ശ്രമഫലമായി വാടക കെട്ടിടത്തിലായിരുന്ന ഈ സ്‌കൂളിന് സ്വന്തമായി ഭൂമി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചു. വലപ്പാട് ഉപജില്ലയിലെ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന സർക്കാർ എൽ പി സ്‌കൂളായി കയ്പമംഗലം ജിഎൽപി എസ് മാറി. ഈ അധ്യയനവർഷം പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ 246 കുട്ടികളാണ് ഇവിടെയുള്ളത്.  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സമൂഹം നെഞ്ചേറ്റിയതിന്റെ തെളിവാണ് ഈ നേട്ടമെന്ന് സ്കൂള്‍ പ്രിൻസിപ്പൽ ജാൻസി പറഞ്ഞു.

നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഉദ്‌ഘാടനം ചെയ്യാനിരിക്കുന്ന കെട്ടിടം ഇ ടി ടൈസൺ മാസ്റ്റർ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 33 ലക്ഷം രൂപയും പ്ലാൻ ഫണ്ട് ഒരു കോടി രൂപയും ഉപയോഗപ്പെടുത്തിയാണ്  നിർമിച്ചത്. താഴത്തെ നിലയിൽ ഓഫീസ് മുറി, ഒരു ക്ലാസ് മുറി, രണ്ട് ശുചിമുറി എന്നിവയാണ് നിർമിച്ചിരിക്കുന്നത്. മുകൾനിലയിൽ 4 ക്ലാസ് മുറികളുടെ നിർമാണവും പുരോഗമിക്കുന്നു. ഒരു ഘട്ടത്തിൽ പ്രദേശം ഒന്നടങ്കം കൈയൊഴിഞ്ഞ വിദ്യാലയത്തെ തീരദേശവാസികൾ നെഞ്ചേറ്റിക്കഴിഞ്ഞു.