ചുങ്കത്തറ മുട്ടിക്കടവ് പാലത്തിന് സാങ്കേതികാനുമതി

മലപ്പുറം: നിലമ്പൂര്‍ താലൂക്കിലെ ചുങ്കത്തറ, മൂത്തേടം, കരുളായി പഞ്ചായത്തുകള്‍ക്ക് ഗുണകരമാവുന്ന ചുങ്കത്തറ മുട്ടിക്കടവ് പാലത്തിന് സാങ്കേതികാനുമതി ലഭ്യമായതായി പി.വി അന്‍വര്‍ എം.എല്‍.എ അറിയിച്ചു. മുട്ടിക്കടവ്-പള്ളിക്കുത്ത് റോഡില്‍ പുന്നപ്പുഴയ്ക്ക് കുറുകെയുള്ള കാലപ്പഴക്കം ചെന്ന ഇടുങ്ങിയ പാലത്തിന് പകരമായാണ് പുതിയ പാലം നിര്‍മിക്കുന്നത്. 90 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാലത്തിന് 11 മീറ്ററാണ് വീതി. 30 മീറ്ററിന്റെ മൂന്ന് സ്പാനുകളാണ് പാലത്തിനുള്ളത്. ഇതോടൊപ്പം മുട്ടിക്കടവ് ഭാഗത്ത് 180 മീറ്ററും പള്ളിക്കുത്ത് ഭാഗത്ത് 60 മീറ്റര്‍ സമീപറോഡും നിര്‍മിക്കും. പുഴയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ജലനിരപ്പിനേക്കാള്‍ 1.2 മീറ്റര്‍ ഉയരത്തില്‍ പാലത്തിന്റെ അടിവശം വരുന്നവിധത്തിലാണ് നിര്‍മാണം. 6.20 കോടിയാണ് നിര്‍മാണ ചെലവ്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാലുടന്‍ നിര്‍മാണം ആരംഭിക്കാനാകും. ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം അധികൃതര്‍ പറഞ്ഞു.