കൂടുതൽ വാക്‌സിൻ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

കോവിഡ് രണ്ടാം തരംഗം നേരിടുന്നതിന് കേരളം നടത്തിയ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി  പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ മുഖ്യമന്ത്രി  അവതരിപ്പിച്ചു.
ഏപ്രിലിൽ ആരംഭിച്ച രണ്ടാം തരംഗത്തിൽ അതിവ്യാപന ശേഷിയുള്ള ഡെൽറ്റാ വൈറസാണ്  സംസ്ഥാനത്ത് പ്രധാനമായും കണ്ടെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏകദേശം 30 ശതമാനത്തിനടുത്ത് എത്തുന്ന സാഹചര്യമുണ്ടായി. ഇപ്പോൾ അത്  10.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വൈകിയാണ് കേരളത്തിൽ രണ്ടാം തരംഗം ആരംഭിച്ചത്. രോഗം ഉച്ചസ്ഥായിയിൽ എത്തിക്കുന്നത് വൈകിച്ചു കൊണ്ട് ആരോഗ്യമേഖലയ്ക്ക് ഉൾക്കൊള്ളാൻ സാധിക്കുന്ന രീതിയിൽ രോഗവ്യാപനം പിടിച്ചു നിർത്താനാണ് കേരളം ശ്രമിച്ചത്. അതിൽ വിജയിക്കുകയും ചെയ്തു. അതിന്റെ ഭാഗമായാണ് കേരളത്തിൽ ഇപ്പോഴും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കൂടുതൽ ഉള്ളതെന്ന വസ്തുത യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു.
ടെസ്റ്റിംഗ് ആവശ്യമായ തോതിൽ നടത്തിയും, ക്വാറന്റീനും ചികിത്സയും ഫലപ്രദമായി നടപ്പിലാക്കിയും രോഗത്തെ പ്രതിരോധിക്കാൻ കേരളത്തിനു സാധിച്ചു. അതിനാലാണ് മരണ നിരക്ക് മറ്റു പ്രദേശങ്ങളിൽ ഉയർന്നിട്ടും 0.48 ശതമാനത്തിൽ ഇപ്പോഴും പിടിച്ച് നിർത്താൻ കേരളത്തിനു സാധിക്കുന്നത്.
ഇതുവരെ സംസ്ഥാനത്തെ 1.17 കോടി ആളുകൾക്ക് ആദ്യ ഡോസ് വാക്‌സിനും 44.18 ലക്ഷം പേർക്ക് രണ്ടു ഡോസ് വാക്‌സിനും നൽകി. ആദിവാസി ജനവിഭാഗങ്ങൾ, കിടപ്പുരോഗികൾ, മാനസികാരോഗ്യ കേന്ദ്രങ്ങളിലെ രോഗികൾ, വൃദ്ധസദനങ്ങളിലെ അന്തേവാസികൾ, ട്രാൻസ്‌ജെൻഡർ  വിഭാഗങ്ങൾ തുടങ്ങിയവർക്കായി പ്രത്യേക വാക്‌സിനേഷൻ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഒട്ടും നഷ്ടപ്പെടുത്താതെ ഏറ്റവും വേഗത്തിൽ വാക്‌സിൻ വിതരണം  ചെയ്യുന്ന സംസ്ഥാനമാണ് കേരളം.
ഇതെല്ലാം കണക്കിലെടുത്ത് കേരളത്തിൽ ആവശ്യമായ അളവിൽ വാക്‌സിൻ  ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
വാക്‌സിൻ ദൗർലഭ്യം ഒഴിവാക്കാൻ 60 ലക്ഷം ഡോസ് വാക്‌സിൻ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ലഭ്യമാക്കാൻ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 11നു തന്നെ ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാനാവശ്യമായ  പിന്തുണ കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.