ആലപ്പുഴ: കോവിഡ് 19 വ്യാപനം തടയാൻ രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കണമെന്നും രോഗമില്ലെന്ന് ഉറപ്പാക്കാൻ പരിശോധനകൾക്ക് എല്ലാവരും തയാറാകണമെന്നും ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി പറഞ്ഞു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാതെ തുടരുന്ന സാഹചര്യത്തിൽ ലക്ഷണങ്ങളുള്ളവർ പരിശോധന നടത്തി ചികിത്സാ സംവിധാനത്തിലേക്ക് മാറുന്നതു പോലെ പ്രധാനമാണ് വിവിധ മേഖലയിലുള്ളവർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിക്കുന്നതും. ഇത് രോഗവ്യാപനം കുറയ്ക്കാൻ സഹായകമാകും. കോവിഡ് രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ രോഗി അറിയാതെ മറ്റ് ആളുകളിലേക്ക് രോഗം വ്യാപിക്കുന്നതിന് ഇടയാകും. കോവിഡ് രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ രോഗിക്ക് ഗുരുതരമായ കോവിഡാനന്തര രോഗങ്ങൾ ഉണ്ടാകാനിടയുണ്ട്. ലക്ഷണങ്ങൾ ഇല്ലെങ്കിലും പരിശോധന നടത്തി കോവിഡില്ലെന്ന് ഉറപ്പു വരുത്തണം. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയം നിരീക്ഷണത്തിൽ പോകുകയും പരിശോധനയ്ക്ക് വിധേയരാകുകയും ചെയ്യണം.
ആരൊക്കെ പരിശോധന നടത്തണം
ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഫാക്ടറികൾ, കമ്പനികൾ, പീലിങ്ങ് ഷെഡ് തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്നതിനായി പുറത്തുപോകുന്നവർ ലക്ഷണമില്ലെങ്കിൽ കൂടി പരിശോധന നടത്തണം.
കടകൾ, മാർക്കറ്റുകൾ, മാളുകൾ, മാർജിൻ ഫ്രീ ഷോപ്പുകൾ, തുണിക്കടകൾ, ജ്യൂവലറി വാഹന ഷോറൂമുകൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ.
പോസ്റ്റ്മാൻ, കൊറിയർ, ആഹാരം, ഓൺലൈനായി വാങ്ങുന്ന മറ്റ് വസ്തുക്കൾ, ഗ്യാസ് സിലിണ്ടർ എന്നിവ വിതരണം ചെയ്യുന്നവർ.
വെളളം/വൈദ്യുതി മീറ്റർ റീഡിങ്ങ് ജീവനക്കാർ തുടങ്ങി ജോലിയുമായി ബന്ധപ്പെട്ട് മറ്റ് വീടുകളിൽ പോകേണ്ടി വരുന്നവർ.
ഓട്ടോ, ടാക്‌സി, സ്വകാര്യ/കെ.എസ്.ആർ.ടി.സി ബസ്, യാത്രാബോട്ട്, ഹൗസ് ബോട്ട്, ചരക്കു വാഹനങ്ങൾ തുടങ്ങി പൊതുവാഹനങ്ങളിലെ ജീവനക്കാർ.
വിവാഹം, മരണാനന്തര ചടങ്ങുകൾ, പൊതു ചടങ്ങുകൾ തുടങ്ങി ഒഴിവാക്കാനാവാത്ത ചടങ്ങുകളിൽ പങ്കെടുക്കേണ്ടി വന്നവർ.