പാലക്കാട് ഗവ. മെഡിക്കൽ കോളേജ് നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബറോടെ പൂർത്തീകരിക്കാൻ നിർദ്ദേശം

പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബർ 31 നകം പൂർത്തീകരിക്കാൻ പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്ക ക്ഷേമ- ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷണൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ നിർമ്മാണ പ്രവർത്തനങ്ങൾ സന്ദർശിച്ച ശേഷം നടന്ന അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. ഓരോ 15 ദിവസത്തിലും പ്രവർത്തന പുരോഗതി ചർച്ച ചെയ്യുകയും എല്ലാ മാസവും സർക്കാരിന് റിപ്പോർട്ട് നൽകുകയും വേണമെന്ന് മന്ത്രി യോഗത്തിൽ നിർദേശിച്ചു.

 

മെഡിക്കൽ കോളേജിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായാൽ അതത് സമയത്ത് തന്നെ ചർച്ച ചെയ്ത് പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ജില്ലാ കലക്ടറും സ്പെഷൽ ഓഫിസറും കൃത്യമായ രീതിയിൽ ഇടപെടുന്നുണ്ടെന്നും നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങൾ കൃത്യ സമയത്ത് പരിഹരിക്കാനുള്ള ഇടപെടലുകൾ ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

 

ആവശ്യമായ എല്ലാ സഹകരണവും സംസ്ഥാന സർക്കാരിൽ നിന്നുണ്ടാകും. 2014 ൽ ആരംഭിച്ച പ്രവർത്തനങ്ങൾ ഉടൻ തന്നെ പൂർണ്ണതയിൽ എത്തിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉന്നത തലയോഗം ഉടൻ ചേരുമെന്നും ഓരോ സെക്ടറിലും ചെയ്യേണ്ട കാര്യങ്ങളും ഇവ വൈകുന്ന സാഹചര്യവും കണ്ടെത്തി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

 

 

യോഗത്തിൽ ഷാഫി പറമ്പിൽ എം.എൽ.എ, ജില്ലാ കലക്ടർ മൃണ്മയി ജോഷി, ഒറ്റപ്പാലം സബ് കലക്ടർ ശിഖാ സുരേന്ദ്രൻ, അസി. കലക്ടർ അശ്വതി ശ്രീനിവാസ്, ഡി.എം.ഒ ഡോ. കെ.പി റീത്ത, മെഡിക്കൽ കോളജ് ഡയറക്ടർ ഡോ.പത്മനാഭൻ , പി.ഡബ്ല്യൂ.ഡി, കെ.എസ്.ഇ.ബി, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവർ പങ്കെടുത്തു.