ക്രമക്കേടുകൾ തടയുന്നതിന് ശക്തമായ നടപടിയുമായി സഹകരണ വകുപ്പ്

സഹകരണ മേഖലയിലെ ക്രമക്കേടുകളും അഴിമതിയും തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കാൻ സഹകരണ വകുപ്പിന്റെ തീരുമാനം. സാമ്പത്തിക ക്രമക്കേടുകൾ, പണാപഹരണം, വായ്പാതട്ടിപ്പുകൾ, സ്വർണ പണയ തട്ടിപ്പ് തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉണ്ടായാൽ പ്രാഥമിക സ്ഥിരീകരണത്തിനു ശേഷം ക്രിമിനൽ കേസുകൾ ഫയൽ ചെയ്യും. കുറ്റക്കാരുടെ സ്ഥാവരജംഗമ വസ്തുക്കൾ നിയമപരമായി മരവിപ്പിച്ചും കുറ്റകൃത്യങ്ങൾക്ക് തടയിടുന്നതിനും ആവശ്യമായ പുതിയ വകുപ്പുകൾ സഹകരണ നിയമത്തിൽ കൂട്ടിച്ചേർക്കും.

നിയമ സമഗ്ര പരിഷ്‌ക്കരണത്തിന് നിയോഗിച്ച സമിതിയോട് ഇതിന് ശുപാർശ ചെയ്യാനും തീരുമാനിച്ചു. ദേദഗതികളോടു കൂടിയ കരടു നിയമം രണ്ടു മാസത്തിനകം അംഗീകരത്തിന് ലഭ്യമാക്കും. സംസ്ഥാനത്തെ മുഴുവൻ സംഘങ്ങളിലും ദ്രുതപരിശോധന നടത്തി ക്രമക്കേടുകളുണ്ടെങ്കിൽ സത്വര നടപടി സ്വീകരിക്കാൻ സഹകരണ സംഘം രജിസ്ട്രാറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ക്രമക്കേടുകളിലെ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ മനപൂർവമായി വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. കരുവന്നൂർ ബാങ്കിന്റെ കാര്യത്തിൽ സർക്കാർ നിയോഗിച്ച അന്വേഷണ സമിതി ഉത്തരവാദികളെന്നു കണ്ടെത്തുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയുണ്ടാവും. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്കും ഇടപാടുകാർക്കും ഉണ്ടായ ആശങ്കയും അരക്ഷിതാവസ്ഥയും പരിഹരിക്കും.

ഇതിനായി ഇപ്പോൾ നിയോഗിച്ചിട്ടുള്ള മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ സഹായത്തോടെ പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കി മൂന്നാഴ്ചയ്ക്കകം സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. സഹകരണ വിജിലൻസിന്റെ പ്രവർത്തനവും ശക്തിപ്പെടുത്തും. ക്രിമിനൽ സ്വഭാവമുള്ള കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനോ മറ്റു അന്വേഷണ ഏജൻസികൾക്കോ റിപ്പോർട്ട് ചെയ്യുന്നതിനായി സഹകരണ സംഘം നിയമത്തിലെ 65, 66 വകുപ്പുകൾ ഭേദഗതി ചെയ്യും. സഹകരണ വിജിലൻസിന് സംഘങ്ങളിൽ നേരിട്ടു പരിശോധന നടത്തുന്നതിനും ക്രമക്കേടുകളിൽ ക്രിമിനൽ നടപടി സ്വീകരിക്കുന്നതിനും ആവശ്യമായ നിയമപരമായ അധികാരം നൽകുന്ന വിധത്തിൽ സഹകരണ നിയമത്തിലും സി. ആർ. പി. സിയിലും ഭേദഗതി വരുത്താനും വകുപ്പ് തീരുമാനിച്ചു.

നിലവിലെ ഓഡിറ്റ് സംവിധാനത്തെ സ്വതന്ത്ര സംവിധാനമായി ശക്തിപ്പെടുത്തും. 250 കോടിക്കു മേൽ പ്രവർത്തന മൂലധനം ഉള്ള സംഘങ്ങളെ ഒരു ഗ്രൂപ്പ് ആക്കി മൂന്ന് ഓഡിറ്റർമാർ അടങ്ങുന്ന ടീം രൂപീകരിച്ച് കണക്കുകൾ പരിശോധിക്കും. ഇതിന്റെ മേൽനോട്ടം ജില്ലാതല ജോയിന്റ് ഡയറക്ടർമാർ, അസി. ഡയറക്ടർമാർ എന്നിവർക്കായിരിക്കും. സഹകരണ സംഘത്തിലെ ജീവനക്കാരുടെ ജോലി സംബന്ധിച്ചും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനും കൃത്യമായ മാനദണ്ഡം നിശ്ചയിക്കും. ജോലിക്രമീകരണ വ്യവസ്ഥ റദ്ദാക്കി ഉദ്യോഗസ്ഥരെ അടിയന്തരമായി ജില്ലകളിലേക്ക് തിരിച്ചയക്കാനും തീരുമാനമായിട്ടുണ്ട്.

പ്രാഥമിക സംഘങ്ങൾക്കുള്ള ഇന്റഗ്രേറ്റഡ് സോഫ്റ്റ്വെയറിനുള്ള ടെണ്ടർ നടപടി വേഗത്തിലാക്കും. ഇന്ത്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട്സസ് സർവീസിൽ നിന്ന് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഓഡിറ്റ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ നിയമിക്കാനും തീരുമാനിച്ചു. സാധാരണക്കാരുടെ സമാന്തര സാമ്പത്തിക സങ്കേതമായ സഹകരണ പ്രസ്ഥാനത്തെ തകർക്കുന്നതിനായി ഒരു കൂട്ടർ നടത്തുന്ന സംഘടിത ശ്രമങ്ങൾക്കെതിരെ സഹകാരി സമൂഹം ശക്തമായി മുന്നോട്ടു വരണമെന്ന് സഹകരണ മന്ത്രി വി. എൻ. വാസവൻ പറഞ്ഞു.