തിരുവനന്തപുരം: ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ് പിരിവ് ഇന്ന് അവസാനിക്കും. പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിനായി 2019 ഓഗസ്റ്റ് ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്ക് സെസ് നടപ്പാക്കിയത്. നാളെ മുതല്‍ ബില്‍ ചോദിച്ചു വാങ്ങി, അതില്‍ പ്രളയ സെസ് ചുമത്തിയിട്ടില്ലെന്ന് ഉപഭോക്താക്കള്‍ ഉറപ്പാക്കണമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍ദേശിച്ചു.
പ്രളയ സെസ് പിന്‍വലിക്കുന്നതോടെ സ്വര്‍ണം, വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍ അടക്കം വിലയേറിയ ഉല്‍പന്നങ്ങള്‍ക്കെല്ലാം നാളെ മുതല്‍ കേരളത്തില്‍ നേരിയ വിലക്കുറവ് ഉണ്ടാകും. അഞ്ച് ശതമാനത്തിനുമേല്‍ നികുതിയുള്ള ചരക്ക് – സേവനങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും അടിസ്ഥാന വിലയുടെ ഒരു ശതമാനവും സ്വര്‍ണം വെള്ളി എന്നിവയ്ക്ക് 0.25 ശതമാനവും ആയിരുന്നു സെസ് ചുമത്തിയിരുന്നത്. ജൂലൈ 31ന് ശേഷം ഇത് പിരിക്കാന്‍ പാടില്ലെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമീഷണര്‍ അറിയിച്ചു.
വാഹനങ്ങള്‍ക്ക് പുറമെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, കമ്ബ്യൂട്ടര്‍, ടി വി, റഫ്രിജറേറ്റര്‍, മൈക്രോവേവ് അവ്ന്‍, മിക്സി,വാഷിങ് മെഷീന്‍, വാട്ടര്‍ ഹീറ്റര്‍, ഫാന്‍, പൈപ്പ്, മെത്ത, ക്യാമറ, മരുന്നുകള്‍, 1000 രൂപയില്‍ കൂടുതല്‍ വിലയുള്ള തുണികള്‍, കണ്ണട, ചെരുപ്പ്, ബാഗ്, സിമന്‍റ, പെയ്ന്റ്, മാര്‍ബിള്‍, ടൈല്‍, ഫര്‍ണിച്ചര്‍, വയറിങ് കേബിള്‍, ഇന്‍ഷുറന്‍സ്, സിനിമ ടിക്കറ്റ് തുടങ്ങിയവയക്ക് ഒരു ശതമാനം വിലയാണ് കുറയുക.
 
            

























 
				
















