ഓണക്കിറ്റില്‍ ഏലയ്ക്ക : സര്‍ക്കാരിനും മന്ത്രിമാര്‍ക്കും അഭിനന്ദനങ്ങളുമായി കര്‍ഷക കൂട്ടായ്മകള്‍

സംസ്ഥാനത്തെ ഏലം കര്‍ഷകരുടെ ആവശ്യം അംഗീകരിച്ച് ഓണക്കിറ്റില്‍ ഏലക്ക കൂടി ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു സര്‍ക്കാരിനെയും മന്ത്രിമാരെയും  ഏലം കര്‍ഷക കൂട്ടായ്മകള്‍ കട്ടപ്പനയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു.

കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന്‍ പ്രതിനിധി ജേക്കബ് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍. അനിലിനെയും. ഹൈറേഞ്ച് സ്പൈസസ് പ്ലാന്റഷന്‍ അസോസിയേഷന്‍ പ്രതിനിധി ജോസഫ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെയും ഏലക്ക നല്‍കി ആദരിച്ചു.

ഇത്തവണത്തെ ഓണക്കിറ്റില്‍ 16 ഇനങ്ങളാണുള്ളത്. കേരളത്തിന്റെ തനത് ഉല്‍പ്പന്നങ്ങളാണ്  ഇത്തവണ കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.  കൂടാതെ പൊതു ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഇതൊരു സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ജനങ്ങളിലേക്ക് ഏലയ്ക്ക എത്തിക്കുന്നതിലൂടെ അവര്‍ക്ക് താല്പര്യം കൂടുകയും ഏലയ്ക്കക്ക് ആവശ്യമേറുകയും ചെയ്യും. പൊതു വിതരണ രംഗത്ത് പരാതികള്‍ ഇല്ലാതെ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കണം. അത് പോലെ നിത്യോപയോഗ സാധനങ്ങള്‍ ഗുണമേന്മയിലും പരാതികള്‍ക്ക് ഇടനല്‍കാതെയും ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. കിറ്റ് വിതരണം ജനകീയമാണ്. ഇതൊരു രഹസ്യ സ്വഭാവമുള്ള ഒന്നല്ല, ജനങ്ങള്‍ക്ക് എന്ത് പരാതി ഉണ്ടേലും കേള്‍ക്കും  അതൊരു രാഷ്ട്രീയ ദുര്‍വ്യാഖ്യാനം ആക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. സുതാര്യമായ വിതരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏറെ ആശ്വാസമായ ഒരു പദ്ധതിയാണ് ജനങ്ങള്‍ക്ക് കിറ്റുകള്‍ നല്‍കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. കിറ്റില്‍ ഏലയ്ക്ക ഉള്‍പ്പെടുത്തിയതിലും അത് ഓരോ കിറ്റിലും നിറയ്ക്കാനെടുത്ത പൊതു വിതരണ വകുപ്പിന്റെയും വകുപ്പ് ജീവനക്കാരുടെ ദൗത്യത്തിനെയും മന്ത്രി അഭിനന്ദിച്ചു. ജില്ലയിലെ കാര്‍ഷിക മേഖലയിലെ വളര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കും. ജലസേചന വകുപ്പിന്റെ എല്ലാ സാധ്യതകളും ഇതിനായി പ്രയോജനപ്പെടുത്തും. ഇതിന് വേണ്ടിയുള്ള പഠനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.  കിറ്റില്‍ ഏലയ്ക്ക ഉള്‍പ്പെടുത്തി എന്നതിന് പുറമെ കേരളത്തിന്റെ പൊതു മാര്‍ക്കറ്റില്‍ ഏലയ്ക്കയുടെ ആവശ്യം വര്‍ധിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

കാര്‍ഷിക ജില്ലയായ ഇടുക്കിയിലെ 25 ശതമാനം വരുന്ന ഏലം കര്‍ഷകര്‍ വിലത്തകര്‍ച്ച മൂലം അതിജീവനത്തിനായി കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഇതിന് ഒരു ചെറിയ പരിഹാരം എന്ന നിലയില്‍ ഓണം, ക്രിസ്മസ്, വിഷു, റംസാന്‍ തുടങ്ങിയ വിശേഷ ദിനങ്ങളോടനുബന്ധിച്ച്  സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റുകളില്‍ 50ഗ്രാം ഏലയ്ക്ക കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ ജൂണ്‍ 30 ലെ യോഗം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി, കൃഷി വകുപ്പ് മന്ത്രി, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി എന്നിവര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.   ഈ അപേക്ഷ പരിഗണിച്ച സര്‍ക്കാര്‍ ഇത്തവണത്തെ ഓണ കിറ്റിനോടൊപ്പം 20 ഗ്രാം ഏലക്ക കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഈ തീരുമാനം ജില്ലയിലെ അമ്പതിനായിരത്തോളം വരുന്ന ഏലം കര്‍ഷകര്‍ക്കും ഒന്നര ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ക്കും വളരെയധികം ഉപകാരപ്പെടും. അതിജീവനത്തിനായി ബുദ്ധിമുട്ടുന്ന ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക് ഇതൊരു  കൈത്താങ്ങാകും. കൂടാതെ സംസ്ഥാനത്തൊട്ടാകെയുള്ള ഗുണഭോക്താക്കള്‍ക്ക് ഗുണമേന്‍മയുള്ള ഏലക്കാ ഇതിലൂടെ ലഭിക്കും.

ആദരിക്കല്‍ ചടങ്ങില്‍ എംഎല്‍എ മരായ എംഎം മണി, വാഴൂര്‍ സോമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍, ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചന്‍ നീര്‍ണാംകുന്നേല്‍, വി. ആര്‍ ശശി, ടി.ടി ജോസ്, കെ.കെ ശിവരാമന്‍, മാത്യു വര്‍ഗീസ്, സി.വി വര്‍ഗീസ്, കെ.എസ് മോഹനന്‍, ജോസ് പാലത്തിനാല്‍, മനോജ് എം. തോമസ്, തുടങ്ങി സാമൂഹിക രാഷ്ട്രീയ പ്രതിനിധികള്‍ പങ്കെടുത്തു.

date