സാമൂഹിക ക്ഷേമ പദ്ധതികളുടെ തുക ഏകീകരിക്കും

സാമൂഹിക ക്ഷേമ പദ്ധതികളുടെ തുക ഏകീകരിക്കുമെന്ന് കായിക – ഹജ്ജ് തീർത്ഥാടനം – വഖഫ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. വഖഫ് ബോർഡ് ഹെഡ്ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . നിലവിൽ സർക്കാർ നൽകുന്ന സാമൂഹിക ക്ഷേമ പദ്ധതികളുടെ തുക തന്നെ വഖഫ് ബോർഡിന് കീഴിൽ വരുന്ന ക്ഷേമ പദ്ധതികൾക്കും നൽകും. ക്ഷേമ പദ്ധതികളുടെ കുടിശ്ശിക രണ്ട് മാസത്തിനുള്ളിൽ വിതരണം ചെയ്യും. നിലവിൽ ബോർഡിന് കീഴിലെ വസ്തുവകകളുടെ നടന്ന് കൊണ്ടിരിക്കുന്ന സർവ്വേ ജോലികൾ വേഗത്തിൽ പൂർത്തിയാക്കും. വഖഫ് സർവ്വേ കമ്മീഷണറായി പ്രിൻസിപ്പൾ സെക്രട്ടറി എ.പി.എം മുഹമ്മദ്‌ ഹനീഷിനെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുടങ്ങി കിടക്കുന്ന പുതിയ അപേക്ഷകളുടെ രജിസ്ടേഷൻ വേഗത്തിൽ പൂർത്തിയാക്കാൻ ബോർഡിന്റെ റീജിയണൽ ഡിവിഷൻ ഓഫീസുകളിൽ അദാലത്ത് സംഘടിപ്പിക്കും. കൂടാതെ ബോർഡിന്റെ കീഴിലുള്ള വസ്തുവകകൾ സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കും. നിലവിലുള്ള വസ്തുവകകൾ അന്യാധീനമായി പോകാതെ സംരക്ഷിക്കുമെന്നും നിലവിലുള്ള തർക്കങ്ങൾ രണ്ട് മാസത്തിനുള്ളിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല വഖഫ് ബോർഡിന് കീഴിലുള്ള തസ്തികകളിൽ പി എസ് സി വഴി നിയമനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.