ക്ഷീരകര്‍ഷകര്‍ക്കും മില്‍മ ഏജന്‍റുമാര്‍ക്കും ഓണം ഇന്‍സെന്‍റീവ് നല്‍കും: എന്‍.ഭാസുരാംഗന്‍

തിരുവനന്തപുരം: ഓണക്കാലത്ത് ക്ഷീരകര്‍ഷകര്‍ക്ക് 1.30 കോടി രൂപയുടെ ഇന്‍സെന്‍റീവുമായി തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍. 2021 ജൂണ്‍ മാസം സംഘത്തില്‍ നല്‍കിയിട്ടുള്ള ഓരോ ലിറ്റര്‍ പാലിനും ഒരു രൂപ എന്ന നിരക്കിലാണ് ഇന്‍സെന്‍റീവ് നല്‍കുന്നത്.

അംഗീകൃത ഏജന്‍റുമാര്‍ക്കായി ഒരു കോടി രൂപയോളം വരുന്ന ഇന്‍സെന്‍റീവും സമ്മാനപദ്ധതികളുമാണ് മില്‍മ ഓണക്കാലത്തേക്കായി ഒരുക്കിയിട്ടുള്ളത്. ആഗസ്റ്റ് മാസത്തില്‍ എല്ലാ ഏജന്‍റുമാര്‍ക്കും ഇന്‍സെന്‍റീവും വില്‍പ്പന വര്‍ധനവിനെ അടിസ്ഥാനപ്പെടുത്തി ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കും. ചരിത്രത്തില്‍ ആദ്യമായാണ് ഓണക്കാലത്ത് കര്‍ഷകര്‍ക്കും  ഏജന്‍റുമാര്‍ക്കും ഇത്രയധികം  ഇന്‍സെന്‍റീവും സമ്മാനങ്ങളും നല്‍കുന്നത്.

മില്‍മയുടെ ഓണക്കിറ്റ് ഡിസ്‌കൗണ്ട് നിരക്കില്‍ ക്ഷീരസംഘങ്ങള്‍ വഴി വില്‍പ്പന നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഇതിന്‍റെ മാര്‍ജിന്‍ ക്ഷീരസംഘത്തിനും ക്ഷീരസംഘത്തിലെ ജീവനക്കാര്‍ക്കും ലഭിക്കത്തക്ക രീതിയിലാണ് വില ക്രമീകരിച്ചിട്ടുള്ളത്.

കോവിഡ് നിയന്ത്രണങ്ങള്‍ മൂലം പ്രതിസന്ധി നേരിടുന്ന ക്ഷീരവിപണിക്ക് പുത്തനുണര്‍വ് നല്‍കാന്‍ മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ഈ ഓണക്കാലത്ത് എല്ലാ ഉത്പന്നങ്ങളുടെയും വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് നിരവധി പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കണ്‍വീനര്‍ എന്‍.ഭാസുരാംഗന്‍ അറിയിച്ചു. ഗുണനിലവാരമില്ലാത്തതും മായം കലര്‍ന്നതുമായ മറ്റുള്ള പാല്‍ ഉപേക്ഷിച്ച് കേരളത്തിലെ ക്ഷീരകര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന തനിമയാര്‍ന്ന മില്‍മയുടെ പാല്‍ ശീലമാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

2021 ആഗസറ്റ് ഒന്നുമുതല്‍ തിരുവനന്തപുരം ജില്ലയില്‍ വിപണിയിലെത്തിയ 525 എം.എല്‍ ഹോമോജനൈസ്ഡ് ടോണ്‍ഡ് പാലിന് വിപണിയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. പ്രതിദിനം 45,000 ലിറ്ററാണ് നിലവില്‍  ഇതിന്‍റെ വില്‍പ്പന. മേഖല യൂണിയന്‍റെ മറ്റു ഡെയറികളില്‍ നിന്നും ഉടനടി 525 എം.എല്‍ പാക്കറ്റുകള്‍ വിപണിയിലെത്തിക്കും.