മോട്ടോർ വാഹന ചട്ടങ്ങളെ വെല്ലുവിളിക്കരുത്: ഗതാഗതമന്ത്രി

മോട്ടോർ വാഹന ചട്ടങ്ങളും ലോക്ഡൗൺ നിയന്ത്രണങ്ങളും പരസ്യമായി ലംഘിച്ച് വെല്ലുവിളിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ വ്യക്തമാക്കി. കേരളത്തിലെ വാഹന അപകടങ്ങളും റോഡ് സുരക്ഷയും സംബന്ധിച്ച് മാത്യു ടി.തോമസ് എം.എൽ.എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

മോട്ടോർ വാഹന ചട്ടങ്ങൾ കർശനമായി നടപ്പാക്കാൻ ശ്രമിക്കുമ്പോൾ അതിനെ ബോധപൂർവ്വം അട്ടിമറിക്കാൻ സംഘടിത ശ്രമം നടക്കുകയാണ്. തിരക്കഥയുടെ അടിസ്ഥാനത്തിൽ സീരിയൽ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ള നിലവിളിയും സംഭ്രമജനകമായ സംഘട്ടനങ്ങളും ക്യാമറകളിൽ പകർത്തി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടന്നു വരുന്നതെന്നും മന്ത്രി നിയമസഭയിൽ ചൂണ്ടിക്കാട്ടി. നിയമം നടപ്പിലാക്കാൻ നിയമ പാലകർ ശ്രമിക്കുമ്പോൾ പൊതുസമൂഹവും മാധ്യമങ്ങളും പിൻതുണ നൽകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

റോഡപകടങ്ങൾ ഒഴിവാക്കാൻ ഗതാഗതം, പൊതുമരാമത്ത്, പോലീസ്, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക തലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ വകുപ്പുകളുടെ ഏകോപനവും ഉറപ്പാക്കും.

അപകടം സംഭവിച്ചാൽ അടിയന്തിര ചികിത്സാ സഹായവും സാമ്പത്തിക സഹായവും ലഭ്യമാക്കാൻ ആവശ്യമായ വ്യവസ്ഥകൾ രൂപപ്പെടുത്താൻ ആരോഗ്യ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും യോജിച്ച പ്രവർത്തനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി ആന്റണി രാജു നിയമസഭയിൽ വ്യക്തമാക്കി. മോട്ടോർ വാഹന ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ മുഖം നോക്കാതെയുള്ള ശക്തമായ നടപടികൾ തുടരുമെന്നും സംഘടിതമായ ദുഷ്പ്രചരണങ്ങളിലൂടെ നിയമപാലകരുടെ മനോവീര്യം തകർക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.