രാജ്യത്തെ ആനകളുടെയും കടുവകളുടെയും ദേശീയ തല കണക്കെടുപ്പ് 2022 ൽ ഇതാദ്യമായി സംയുക്തമായി നടത്തും

    ന്യൂഡൽഹി, ആഗസ്റ്റ് 12, 2021

    2022 ൽ നടത്തുന്ന, ആനകളുടെയും കടുവകളുടെയും ദേശീയതല കണക്കെടുപ്പിൽ പാലിക്കേണ്ട പ്രവർത്തന ചട്ടങ്ങൾ പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ഇന്ന് പുറത്തിറക്കി. ഇതാദ്യമായാണ് ആനകളുടെയും കടുവകളുടെ കണക്കെടുപ്പ് മന്ത്രാലയം സംയുക്തമായി നടത്തുന്നത്. ലോക ആന ദിനത്തോട് അനുബന്ധിച്ചാണ് പ്രവർത്തന ചട്ടം ഇന്ന് പുറത്തിറക്കിയത്.

    ആനകളുടെ സംരക്ഷണ പ്രവർത്തനങ്ങളിൽ തദ്ദേശീയരുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചടങ്ങിൽ സംസാരിക്കവെ കേന്ദ്ര പരിസ്ഥിതി മന്ത്രി എടുത്തുപറഞ്ഞു. താഴെ തട്ടിൽ ഉള്ളവർക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന നടപടികളാണ് ഇനി ആവശ്യമെന്നും, ഇത് ജനങ്ങളും ആനകളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിന് സഹായകരമാകുമെന്നും കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന കണക്കെടുപ്പ് രീതികൾ കൂടുതൽ ശാസ്ത്രീയവത്കരിക്കുകയും , മെച്ചപ്പെടുത്തുകയും, സന്തുലിതം ആക്കുകയും ചെയ്യേണ്ടതുണ്ടെന്നും ശ്രീ യാദവ് അഭിപ്രായപ്പെട്ടു.

    ആനകളെ സംരക്ഷിക്കുക എന്നത് വനങ്ങളെ സംരക്ഷിക്കുകയാണ് എന്നും, അത് മുഴുവൻ ആവാസവ്യവസ്ഥയെ തന്നെ സംരക്ഷിക്കുമെന്നും ചടങ്ങിനെ അഭിസംബോധന ചെയ്യവേ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ അശ്വിനി കുമാർ ചൗബേ അഭിപ്രായപ്പെട്ടു.

    മന്ത്രാലയത്തിന് കീഴിലെ ആനകളുടെ ചുമതലയുള്ള വകുപ്പ്, മൂന്നു മാസത്തിലൊരിക്കൽ പുറത്തിറക്കുന്ന ന്യൂസ് ലെറ്റർ, ‘ട്രമ്ഫെറ്റിന്റെ’ (‘Trumpet’) നാലാം പതിപ്പ് ഇരു മന്ത്രിമാരും ചേർന്ന് പുറത്തിറക്കി. സംസ്ഥാന വനം വകുപ്പുകൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം നടന്ന സംരക്ഷണ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.