തൃശൂര്‍: പോര്‍ക്കുളം, കാട്ടകാമ്പാല്‍ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന കാര്‍ഷിക മേഖലയിലെ ഏറ്റവും വലിയ ജലസ്രോതസായ ആനക്കുണ്ട് സംരക്ഷണ പദ്ധതിയില്‍ ടൂറിസം സാധ്യതയും. നഗര സഞ്ചയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആസൂത്രണ ബോര്‍ഡ് അനുവദിച്ച ഒരു കോടിയുടെ പദ്ധതിയും എം എല്‍ എ ഫണ്ടായ ഒരു കോടി രൂപയും വിനിയോഗിച്ചാണ് ആനക്കുണ്ട് സംരക്ഷണ പദ്ധതി നടപ്പിലാക്കുന്നത്. ഇതോടെ പ്രകൃതി രമണീയമായ ഈ പ്രദേശത്ത് ടൂറിസം സാധ്യതയ്ക്കും വഴി തെളിയും.പൊന്നാനി കോള്‍ മേഖല ഉള്‍പ്പെടുന്ന പ്രദേശത്ത് നിലവില്‍ 3 പാടശേഖര സമിതികളാണ് നെല്‍കൃഷി നടത്തുന്നത്. 1500 ലേറെ കര്‍ഷകരാണ് ഇവിടെയുള്ളത്. ആനക്കുണ്ടില്‍ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യാനും ബണ്ടിന്റെ ആഴം കൂട്ടാനും ബണ്ട് വരമ്പ് ബലപ്പെടുത്താനുമാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ തൃശൂര്‍ എന്‍ജിനീയറിങ് കോളേജിലെ സിവില്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തുകയും ബണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് മണ്ണ് പരിശോധനയ്ക്ക് എടുക്കുകയും ചെയ്തിതിട്ടുണ്ട്.
കാട്ടകാമ്പാല്‍, പോര്‍ക്കുളം പഞ്ചായത്തുകളിലായി 70 ഏക്കറോളം സ്ഥലത്താണ് ആനക്കുണ്ട് സ്ഥിതി ചെയ്യുന്നത്. കനത്ത വേനലിലും വറ്റാതിരുന്ന ആനക്കുണ്ട് കഴിഞ്ഞ വര്‍ഷങ്ങളിലെ വേനലില്‍ വറ്റിയിരുന്നു. ഇതോടെ സമീപ പ്രദേശങ്ങളിലെല്ലാം ശുദ്ധജല ക്ഷാമം രൂക്ഷമായി. ആനക്കുണ്ടിലെ വെള്ളത്തെ ആശ്രയിച്ച് കൃഷി ഇറക്കിയിരുന്ന കോട്ടിയാട്ടുമുക്ക് കോള്‍പടവ്, പുല്ലാണിച്ചാല്‍ കോള്‍പടവ്, നമ്പരപടവ് എന്നിവിടങ്ങളില്‍ വെള്ളം കിട്ടാതെ കൃഷി നശിച്ചിരുന്നു.പതിറ്റാണ്ടുകളായി അടിഞ്ഞു കൂടിയ ചെളി നീക്കുകയും ബണ്ട് വരമ്പ് ബലപ്പെടുത്തുകയും ചെയ്താല്‍ ആനക്കുണ്ടില്‍ വന്‍തോതില്‍ വെള്ളം ശേഖരിക്കാനാവുമെന്നതാണ് ആനക്കുണ്ട് സംരക്ഷണത്തിന്റെ പ്രത്യേകത.മേഖലയിലെ പ്രധാന കൃഷിയിടങ്ങളായ തിരുത്തിക്കാട്, മങ്ങാട്, വെട്ടിക്കടവ് മേഖലയില്‍ കോള്‍ കൃഷിക്കൊപ്പം ടൂറിസം സാധ്യതയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതിലൊന്നാണ് കുന്നംകുളം നഗരസഭയിലെ കിളിപ്പാടം പദ്ധതി. ആനക്കുണ്ട് സംരക്ഷണ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ.
ആനക്കുണ്ടില്‍ അടിഞ്ഞു കൂടിയ ചെളിയും മണ്ണും മാറ്റി ആഴം കൂട്ടണമെന്ന കര്‍ഷകരുടെ കാലങ്ങളായുള്ള ആവശ്യവും ഇനി യാഥാര്‍ത്ഥ്യമാകും. ആനക്കുണ്ട് ആഴം കൂടുന്നതോടെ മേഖലയിലെ കര്‍ഷകര്‍ക്ക് ആവശ്യത്തിന് വെള്ളം സംഭരിക്കാന്‍ കഴിയും. പാടശേഖരത്തെ വെള്ളം വറ്റിക്കാനായി ഇപ്പോള്‍ കര്‍ഷകര്‍ പമ്പ് ചെയ്യുന്ന വെള്ളം ആനക്കുണ്ട് നിറഞ്ഞ് തോട്ടിലൂടെ പാഴായി പോകുകയാണ്. ഈ വെള്ളം ആനക്കുണ്ടില്‍ സംഭരിക്കാനായാല്‍ കര്‍ഷകര്‍ക്ക് കൃഷിക്ക് ഉപയോഗിക്കാം. നൂറടി തോടുമായി ബന്ധപ്പെട്ടുകിടക്കുന്ന ആനക്കുണ്ടിന്റെ വരമ്പുകള്‍ ബലപ്പെടുത്തുകയും വീതി കൂട്ടുകയും ചെയ്താല്‍ ചെറിയ ബോട്ട് സര്‍വീസ് ഉള്‍പ്പെടെയുള്ള ടൂറിസം പദ്ധതികള്‍ തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. മഴക്കാലത്തിന് ശേഷം ആനക്കുണ്ട് സംരക്ഷണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
 
            


























 
				
















