മൂന്നാം തരംഗം മുന്നില്‍ കണ്ട് ഒരുക്കം തുടങ്ങി: മുഖ്യമന്ത്രി

    തിരുവനന്തപുരം : മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. താലൂക്ക് തലംമുതലുള്ള ആശുപത്രികളില്‍ ഓക്സിജന്‍ കിടക്കകളും ഐ.സി.യു.വും സജ്ജമാവുകയാണ്. വെന്റിലേറ്ററുകളുടെ എണ്ണവും വര്‍ധിപ്പിച്ചു. ജില്ലാ ജനറല്‍ ആശുപത്രികളിലെ ഐ.സി.യു.കളെ മെഡിക്കല്‍ കോളേജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കും. കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിച്ചിട്ടില്ല. മൂന്നാം തരംഗം ഉണ്ടായാല്‍ കുട്ടികളില്‍ കൂടുതല്‍ രോഗവ്യാപനം ഉണ്ടായേക്കാമെന്നാണ് ആശങ്കപ്പെടുന്നത്. അത് മുന്നില്‍ കണ്ട് പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്. 490 ഓക്സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്.ഡി.യു. കിടക്കകള്‍, 96 ഐ.സി.യു. കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് കുട്ടികള്‍ക്കായി സജ്ജമാക്കുന്നത്.
    ഓക്സിജന്റെ ലഭ്യത ഉറപ്പ് വരുത്താന്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. 870 മെട്രിക് ടണ്‍ ഓക്സിജന്‍ കരുതല്‍ ശേഖരമായിട്ടുണ്ട്. നിര്‍മ്മാണ കേന്ദ്രങ്ങളില്‍ 500 മെട്രിക് ടണും കെ.എം.എസ്.സി.എല്‍. ബഫര്‍ സ്റ്റോക്കായി 80 മെട്രിക് ടണും ഓക്്സിജന്‍ കരുതിയിട്ടുണ്ട്. ഇതുകൂടാതെ ആശുപത്രികളില്‍ 290 മെട്രിക് ടണ്‍ ഓക്സിജനും കരുതല്‍ ശേഖരമായിട്ടുണ്ട്. 33 ഓക്്സിജന്‍ ജനറേഷന്‍ യൂണിറ്റുകളാണ് സജ്ജമാക്കി വരുന്നത്. ഇതിലൂടെ 77 മെട്രിക് ടണ്‍ ഓക്സിജന്‍ അധികമായി നിര്‍മ്മിക്കാന്‍ സാധിക്കും. ഇതില്‍ ഒന്‍പത് എണ്ണം ഇതിനകം പ്രവര്‍ത്തനസജ്ജമായി. സംസ്ഥാന സര്‍ക്കാര്‍ വിവിധ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന 38 ഓക്സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം 13 മെട്രിക് ടണ്‍ ഓക്സിജന്‍ പ്രതിദിനം നിര്‍മ്മിക്കുന്നതിനുള്ള ഓക്സിജന്‍ ജനറേഷന്‍ സിസ്റ്റം സ്വകാര്യ ആശുപത്രികളില്‍ സ്ഥാപിച്ചു.
    സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ 281 എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ എ.പി.എല്‍. ബി.പി.എല്‍. വ്യത്യാസമില്ലാതെ സൗജന്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഐ.സി.യു. സൗകര്യമോ വെന്റിലേറ്റര്‍ സൗകര്യമോ ലഭ്യമല്ലെങ്കില്‍ ഇത്തരം ആശുപത്രികളിലേക്ക് മാറ്റി ചികിത്സിപ്പിക്കുന്നതിനുള്ള സംവിധാനവുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
    60 വയസ്സിനു മുകളിലുള്ളവരും അനുബന്ധരോഗമുള്ളവരും ഉള്‍പ്പെടെ ഏകദേശം 9 ലക്ഷം പേര്‍ വാക്സിന്‍ എടുക്കാന്‍ തയ്യാറായിട്ടില്ല. അവര്‍ക്കിടയില്‍ വാക്സിന്‍ എടുക്കാന്‍ ആവശ്യമായ സന്നദ്ധതയുണ്ടാക്കാനും എത്രയും പെട്ടെന്ന് വാക്സിന്‍ നല്‍കി സുരക്ഷിതരാക്കാനുമുള്ള നടപടികള്‍ കൈക്കൊണ്ടു വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.