ആലപ്പുഴ ടൂറിസം മേഖലയിൽ വാക്‌സിനേഷൻ പൂർണം

    ആലപ്പുഴ : ആലപ്പുഴ മണ്ഡലത്തിലെ വിനോദ സഞ്ചാര മേഖലയെ കോവിഡ് മുക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ സമ്പൂർണ്ണ വാക്സിനേഷൻ പദ്ധതി പൂർത്തിയാക്കിയതായി പി.പി. ചിത്തരഞ്ജൻ എം.എൽ.എ. കോവിഡ് രോഗവ്യാപനം മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘ബയോ ബബിൾ’ പദ്ധതി നടപ്പാക്കി കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുമായാണ് ആലപ്പുഴയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പുന്നമടയിലും അനുബന്ധ കേന്ദ്രങ്ങളിലെയും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന മുഴുവൻ പേർക്കും വാക്സിനേഷൻ ലഭ്യമാക്കിയത്.

    ആലപ്പുഴ ഫിനിഷിംഗ് പോയിന്റിലെ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററിൽ നടന്ന വാക്സിനേഷൻ പരിപാടി പി.പി. ചിത്തരഞ്ജൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. പുന്നമടയിൽ സമ്പൂർണ്ണ വാക്സിനേഷൻ നടത്തിയതോടെ ഇവിടേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് കൂടുതൽ ആത്മവിശ്വാസും ആരോഗ്യ സുരക്ഷാ ബോധവും നൽകുമെന്നും വിനോദ സഞ്ചാര മേഖലയെ പൂർവ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നും എംഎൽഎ പറഞ്ഞു. ചടങ്ങിൽ നഗരസഭാംഗങ്ങളായ ആർ വിനീത, ജി ശ്രീലേഖ, കൊച്ചുത്രേസ്യ ജോസഫ്, വിനോദ സഞ്ചാര വകുപ്പ് ഉപഡയറക്ടർ ബിജു വർഗ്ഗീസ്, ഡിടിപിസി സെക്രട്ടറി എം മാലിൻ, ‘ഡോക്ടർ ഫോർ യൂ’ മെഡിക്കൽ ഓഫീസർ ഡോ. ജാസിം കെ സുൽത്താൻ, വി ബി അശോകൻ, ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് ആന്റ് ഓപ്പറേറ്റേഴ്സ് സമിതി സംസ്ഥാന സെക്രട്ടറി കെവിൻ റോസാരിയോ, പി കെ സുധീഷ്, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.

    വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന മുഴുവൻ പേർക്ക് ഇതിന്റെ ഭാഗമായി കോവിഡ് വാക്സിൻ നൽകി. പുന്നമടയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൗസ്ബോട്ട് – ശിക്കാര ബോട്ട് തൊഴിലാളികൾ, റിസോർട്ട് – ഹോംസ്റ്റേ ജീവനക്കാർ, ടാക്സി – ഓട്ടോ ഡ്രൈവർമാർ, ചെറുകിട – വഴിയോര കച്ചവടക്കാർ, ഇവരുടെ കുടുംബാംഗങ്ങൾ ഉൾപ്പടെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവർ എന്നിങ്ങനെ പ്രദേശത്തെ മുഴുവൻ പേർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കി. എംഎൽഎയുടെ നേതൃത്വത്തിലുള്ള ‘എംഎൽഎ കെയർ പ്രോജക്റ്റി’ന്റെ കീഴിലാണ് വാക്സിനേഷൻ ആവിഷ്കരിച്ച് നടപ്പാക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് വിനോദ സഞ്ചാര മേഖലയ്ക്ക് മാത്രമായി വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് എം.എൽ.എ. പറഞ്ഞു.