മുൻഗണനാ റേഷൻ കാർഡ്: ഒരു ലക്ഷത്തിലധികം പേർക്ക് പിങ്ക് കാർഡ് നൽകും

മുൻഗണനാ റേഷൻ കാർഡിനുള്ള അപേക്ഷകൾ പരിഗണിച്ച് ഒരു ലക്ഷത്തിലധികം പേർക്ക് നവംബർ ഒന്നിന് മുമ്പ് പിങ്ക് കാർഡ് നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പറഞ്ഞു. പ്രതിമാസ ഫോൺഇൻ പരിപാടിയിലെ പരാതികൾ പരിശോധിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മുൻഗണനാ കാർഡ് ലഭ്യമാക്കണമെന്ന നിരവധി അപേക്ഷകൾ ഇപ്പോഴും വരുന്നുണ്ട്. ഗുരുതര രോഗം ബാധിച്ചവർക്ക് ചികിത്‌സാനുകൂല്യം ലഭ്യമാക്കുന്നതിനുൾപ്പെടെ സഹായകരമാകുന്നതിന് 11230 പേർക്ക് എ. എ. വൈ കാർഡുകൾ നൽകിയതായി മന്ത്രി അറിയിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളെ ചികിത്‌സയ്ക്കായി കൊണ്ടുപോകുന്നതിന് നാലുചക്ര വാഹനം സ്വന്തമായുള്ളതിന്റെ പേരിൽ മുൻഗണനാ റേഷൻ കാർഡുകൾ നിഷേധിക്കില്ല. ഇത്തരക്കാർക്ക് മുൻഗണനാ കാർഡ് നൽകുമെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചിരുന്നു. മുൻഗണനാ റേഷൻ കാർഡുകൾ കൈവശം ഉണ്ടായിരുന്നതിന്റെ പേരിൽ പിഴ ഈടാക്കാനുള്ള നടപടികൾ നിർത്തി വയ്ക്കാനും തീരുമാനിച്ചു. മുൻഗണനാ റേഷൻ കാർഡുകൾ അനധികൃതമായി കൈവശം വച്ചിട്ടുള്ളവർ അത് സറണ്ടർ ചെയ്യുന്നത് പ്രോത്‌സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഫോൺ ഇൻ പരിപാടിയിലൂടെ ജനങ്ങളിൽ അവബോധം വർധിച്ചിട്ടുണ്ടെന്നും അനർഹമായി കാർഡ് കൈവശം വച്ചിരിക്കുന്നവരെയും ഉപയോഗിക്കുന്നവരെയും കുറിച്ച് പരാതി ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് 9495998223 എന്ന നമ്പറിൽ പരാതികൾ അറിയിക്കാം. പരാതിക്കാരുടെ പേരും മറ്റു വിവരങ്ങളും രഹസ്യമായിരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. താലൂക്ക് സപ്‌ളൈ ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകളിലും പരാതികളിലും രേഖാമൂലം മറുപടി നൽകാൻ നടപടി സ്വീകരിക്കും. റേഷനിംഗ് ഇൻസ്‌പെക്ടർമാർ കടകളിൽ പരിശോധന നടത്തുന്നതിന് സെപ്റ്റംബർ 15 മുതൽ പുതുക്കിയ പരിശോധനാക്രമം നിലവിൽ വരും. വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിൽ റേഷൻ കടകളിൽ വെള്ള അരിക്ക് പകരം കുത്തരി ലഭ്യമാക്കണമെന്ന് കഴിഞ്ഞ മാസം ഫോൺ ഇൻ പരിപാടിയിൽ പരാതി ലഭിച്ചിരുന്നു. ഇത് പരിഗണിച്ച് ഇവിടങ്ങളിൽ കുത്തരി ലഭ്യമാക്കിയതായി മന്ത്രി അറിയിച്ചു. ഇതിൽ മന്ത്രിയെ അഭിനന്ദിച്ച് ജനങ്ങൾ അയച്ച നിരവധി കത്തുകളും ലഭിച്ചു.