പുതിയ പൊതുമേഖലാ സ്ഥാപനങ്ങൾ ആരംഭിക്കേണ്ടതുണ്ട്: മുഖ്യമന്ത്രി

    സർക്കാരിന് ഇടപെടാൻ കഴിയുന്ന മേഖലകളിലൊക്കെ പുതിയ പൊതുമേഖലാ സ്ഥാപനങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം വൈവിധ്യവത്ക്കരിക്കുകയും വിപുലീകരിക്കുകയും ചെയ്യും.

    ഓരോ സ്ഥാപനത്തിന്റേയും വിപുലമായ മാസ്റ്റർപ്‌ളാൻ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇ.എം.എൽ പുനരുദ്ധാരണത്തിന് ആവശ്യമായ 43 കോടി രൂപയും മുൻകാലങ്ങളിൽ കമ്പനിക്കുണ്ടായ 34 കോടി രൂപയുടെ ബാധ്യതയും ചേർത്ത് 77 കോടി രൂപ ചെലവഴിച്ചാണ് സർക്കാർ സ്ഥാപനം ഏറ്റെടുക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി തൊഴിലോ ശമ്പളമോ ഇല്ലാതെ കഷ്ടപ്പെട്ടിരുന്ന ജീവനക്കാരുടെ ശമ്പളക്കുടിശികയായ 14 കോടി രൂപയും സർക്കാർ നൽകും. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളെ രാജ്യത്തിന് മാതൃകയാകും വിധം ഉയർത്തിക്കൊണ്ടുവരാണ് സർക്കാർ ശ്രദ്ധിക്കുന്നത്.

    കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇ. എം. എൽ 2010ലാണ് ബി. എച്ച്. ഇ. എലിന് കൈമാറുന്നത്. 55 ശതമാനം ഓഹരി ബി എച്ച് ഇ എലിനും ബാക്കി സംസ്ഥാന സർക്കാരിനുമായിരുന്നു. കൂടുതൽ വൈവിധ്യവത്ക്കരം ലക്ഷ്യമിട്ടാണ് ഇത്തരമൊരു കൈമാറ്റം നടന്നത്. എന്നാൽ പ്രതീക്ഷിച്ച നേട്ടം ഇ. എം. എലിന് ലഭിച്ചില്ല. തുടർന്നാണ് സ്വകാര്യവത്ക്കരണ നീക്കം ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    ആദ്യ ഘട്ടത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ കൂടുതൽ ശക്തിപ്പെട്ടു വരണമെന്ന നയമാണ് രാജ്യം അംഗീകരിച്ചിരുന്നത്. ആഗോളവത്ക്കരണ നയം അംഗീകരിച്ചതോടെ ആ സമീപനത്തിൽ മാറ്റമുണ്ടാവുകയും സ്വകാര്യവത്ക്കരണത്തിന് മുൻതൂക്കം ലഭിക്കുകയും ചെയ്തു. കേരളത്തിലെ ചില സ്ഥാപനങ്ങൾ ഈ നയത്തിന്റെ ഭാഗമായി സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം ഉണ്ടായപ്പോൾ അവ നിലനിർത്തുന്നതിനായി സംസ്ഥാന സർക്കാരിന് വിട്ടു നൽകണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്ന നില സ്വീകരിച്ചു.

    പാലക്കാട് ഇൻസ്ട്രമെന്റേഷൻ ഫാക്ടറി സ്വകാര്യവത്ക്കരിക്കാൻ ശ്രമം ഉണ്ടായപ്പോൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായി. പ്രസിദ്ധമായ എച്ച്. എൻ. എൽ മറ്റൊരു രീതിയിൽ ഏറ്റെടുക്കുന്ന നിലയാണ് അവലംബിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മന്ത്രി പി. രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.