ഭിന്നശേഷിക്കാരായ ലോട്ടറി തൊഴിലാളികള്‍ക്ക് 5000 രൂപ നല്‍കും: മന്ത്രി

ഭിന്ന ശേഷിക്കാരായ ലോട്ടറി തൊഴിലാളികള്‍ക്ക് സാമൂഹ്യ നീതി വകുപ്പ് 5000 രൂപ ധനസഹായം നല്‍കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ 538 ലോട്ടറി തൊഴിലാളി കുടുംബങ്ങള്‍ക്ക് ഇത് ആശ്വാസമേകും. ഇതിനായി 26.8 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പൂജപ്പുരയിലെ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ആസ്ഥാനത്തോടു ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഭിന്നശേഷി സഹായ ഉപകരണ ഷോറൂമിന്റെയും എക്സ്പീരിയന്‍സ് സെന്ററിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സ്വതന്ത്രമായി ആത്മവിശ്വാസത്തോടെ ജീവിതത്തില്‍ മുന്നേറാന്‍ ഭിന്നശേഷിക്കാരെ പ്രാപ്തമാക്കുകയാണ് ഈ സര്‍ക്കാര്‍. വികലാംഗ ക്ഷേമ കോര്‍പറേഷന്‍ എല്ലാ ജില്ലകളിലും സഹായ ഉപകരണങ്ങള്‍ കൈമാറുന്നു. ശുഭയാത്ര പദ്ധതിയിലൂടെ വീല്‍ചെയര്‍, കേള്‍വി പരിമിതിയുള്ളവര്‍ക്ക് ശ്രവണ സഹായി, വോയിസ് എന്‍ഹാന്‍സഡ് മൊബൈല്‍ ഫോണുകള്‍ തുടങ്ങി ശാരീരിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിലെ എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റാന്‍ അവരെ പ്രാപ്തമാക്കുകയാണ് സര്‍ക്കാര്‍. തൊഴില്‍ രംഗത്ത് ഭിന്നശേഷിക്കാര്‍ക്ക് അര്‍ഹമായ സംവരണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ എം.അഞ്ജന, കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിംഗ് കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ റിട്ട. കേണല്‍ ഷാജി എം. വര്‍ഗീസ്, കെ.എസ്.എച്ച്.പി. ഡബ്ല്യൂ.സി മുന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍, കെ.എസ്.എച്ച്.പി. ഡബ്ല്യൂ.സി മുന്‍ ഡയറക്ടര്‍ കൊറ്റാമം വിമല്‍ കുമാര്‍, കെ.എസ്.എച്ച്.പി. ഡബ്ല്യൂ.സി മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.