എച്ച്ഡിഎഫ്സി ഡെവലപ്ഡ് വേള്‍ഡ് ഇന്‍ഡക്സസ് ഫണ്ട് ഓഫ് ഫണ്ട്സ് എന്‍എഫ്ഒ ഒക്ടോബര്‍ ഒന്നു വരെ

കൊച്ചി: എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്‍റ് കമ്പനി തങ്ങളുടെ ആദ്യ അന്താരാഷ്ട്ര പദ്ധതിയായ എച്ച്ഡിഎഫ്സി ഡെവലപ്ഡ് വേള്‍ഡ് ഇന്‍ഡക്സസ് ഫണ്ട് ഓഫ് ഫണ്ട്സ് അവതരിപ്പിച്ചു. പുതിയ പദ്ധതി ഓഫര്‍ ഒക്ടോബര്‍ ഒന്നിന് അവസാനിക്കും. അഞ്ചു മേഖലകളിലായി 23 വികസിത രാജ്യ വിപണികളിലെ 14 കറന്‍സികളിലെ അവസരമാണ് ഈ ഒരു പദ്ധതിയിലൂടെ ലഭിക്കുക.

150 ബില്യണ്‍ ഡോളര്‍ കൈകാര്യം ചെയ്യുന്ന പ്രമുഖ ആഗോള സ്ഥാപനമായ ക്രെഡിറ്റ് സൂയിസ് അസറ്റ് മാനേജുമെന്‍റുമായി സഹകരിച്ചാണ് പദ്ധതി അവതരിപ്പിക്കുന്നത്.  ക്രെഡിറ്റ് സൂയിസ് ഇന്‍ഡക്സ് പദ്ധതികളിലും ഇടിഎഫുകളിലുമായിരിക്കും ഈ പദ്ധതിയുടെ നിക്ഷേപം. 23 രാജ്യങ്ങളിലായുള്ള ലാര്‍ജ് ക്യാപ,് മിഡ് ക്യാപ് മേഖലകളെ ഉള്‍പ്പെടുത്തിയുള്ള എംഎസ്സിഐ വേള്‍ഡ് സൂചികയെ പിന്തുടര്‍ന്നാവും ഈ നിക്ഷേപങ്ങള്‍.

വികസിത രാജ്യങ്ങളില്‍ നിക്ഷേപിക്കാനുള്ള വന്‍ അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും ഒരു പദ്ധതിയിലൂടെ മികച്ച വൈവിധ്യവല്‍ക്കരണം സാധ്യമാകുമെന്നും ഇതേക്കുറിച്ചു പ്രതികരിച്ച എച്ച്ഡിഎഫ്സി എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ നവനീത് മുനോട്ട് പറഞ്ഞു.