മൂന്നാര്‍ കെഎസ്ആര്‍ടിസി യാത്ര ഫ്യുവല്‍സ് ഔട്ട്‌ലെറ്റ് തുറന്നു

മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ആരംഭിച്ച യാത്ര ഫ്യുവല്‍സ് ഔട്ട്‌ലെറ്റിന്റെ  ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. പൊതുജന താത്പര്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കെഎസ്ആര്‍ടിസി.  ലാഭം മാത്രം കണക്കാക്കി പ്രവര്‍ത്തിക്കാവുന്ന ഒന്നല്ല;   പൊതുജനോപകരപ്രദമായ സേവനം എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചില സര്‍വ്വീസുകള്‍ നഷ്ടത്തില്‍ ഓടേണ്ടിവരും. എന്നാല്‍ കാര്യക്ഷമായി മുമ്പോട്ട് പോകണമെങ്കില്‍ ലാഭകരമായ ആസ്തിയുണ്ടാകണം. അതിന് വിവിധ പദ്ധതികളും പരുപാടികളും ആസൂത്രണം ചെയ്യണമെന്നും മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ പുതിയതായി ആരംഭിച്ച പെട്രോള്‍ പമ്പിന്റ ഉദ്ഘാടനം നിര്‍വ്വഹിച്ച് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടികളുടെ ഭാഗമായാണ് ടിക്കറ്റിതര വരുമാന വര്‍ദ്ധനവ് ലക്ഷ്യംവച്ചാണ് കെഎസ്ആര്‍ടിസി യാത്ര ഫ്യുവല്‍സ് എന്ന  നൂതന സംരംഭം ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ സംസഥാനത്തെ എട്ട് കേന്ദ്രങ്ങളിലാണ് യാത്ര ഫ്യുവല്‍സ് ഔട്ട്‌ലെറ്റ് തുടങ്ങുന്നത്. രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്ത് ഉടനീളം 75 റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനാണ് പദ്ധതി. നിലവില്‍ പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളാണ് വില്‍പന നടത്തുന്നത്. ഭാവിയില്‍ സിഎന്‍ജി, എല്‍എന്‍ജി, ഇലക്ട്രിക്ക് ഫാസ്റ്റ് ചാര്‍ജ്ജിംഗ് സംവിധാനവും ഏര്‍പ്പെടുത്തും.

മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സംഘടിപ്പിച്ച ചടങ്ങില്‍  അഡ്വ. രാജ എം എല്‍ എ അധ്യഷനായിരുന്നു. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മണിമൊഴി, ത്രിതല പഞ്ചായത്തംഗങ്ങളായ ഭവ്യ കണ്ണന്‍, ലൂസി അമ്മാള്‍, അസി. ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഷിബു എ റ്റി,  കെഎസ്ആര്‍ടിസി യൂണിയന്‍ അംഗങ്ങളായ സുരേഷ് എം ബി, ബാബു എം എ, അജി എന്‍ പി,  ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ് സേവി ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.