ശ്രീനാരായണ ഗുരു മഹാസമാധി ദിനം ആചരിച്ചു

    സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ ശ്രീനാരായണഗുരു പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി വെള്ളയമ്പലത്തുള്ള ശ്രീനാരായണഗുരു പ്രതിമയിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പുഷ്പാർച്ചന നടത്തി.

    വി.കെ. പ്രശാന്ത് എം.എൽ.എയുടെ അധ്യക്ഷതയിൽ ശ്രീനാരായണ ഗുരു ദർശനവും സ്ത്രീ സമത്വവും എന്ന വിഷയത്തിൽ മ്യൂസിയം ഹാളിൽ നടന്ന  സെമിനാറിന്റെ ഉദ്ഘാടനവും  അന്തർ ദേശീയ ശ്രീനാരായണ ഗുരു പഠനകേന്ദ്രം ഡയറക്ടർ ഡോക്ടർ ബി സുഗീത  എഴുതിയ അദ്വൈതത്തിന്റെ ഋതുഭേദങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

    എല്ലാമതങ്ങളും ഒന്നാണെന്ന് ലോകത്തോട് പറയാനുതകുന്ന വിധത്തിൽ ഒരു  വർഷകാലം നീണ്ടുനിൽക്കുന്ന സാംസ്‌കാരിക പരിപാടികൾ നടത്താൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മത തീവ്രവാദത്തെ ശക്തമായി എതിർത്താൽ മാത്രമേ സമൂഹത്തിൽ സ്ത്രീ പുരുഷ സമത്വം സാധ്യമാവുകയുള്ളു.

    സ്ത്രീ സമത്വം എന്ന വിഷയത്തിൽ ഗുരുദേവൻ ആദ്യം മുന്നോട്ടുവച്ച നിലപാട് സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു. സമൂഹത്തിൽ വർധിച്ചുവരുന്ന അനാചാരം, അന്ധവിശ്വാസം എന്നിവയെല്ലാം സ്ത്രീകളുടെ തുല്യത ഇല്ലാതാക്കുന്നു.  സ്ത്രീ വിരുദ്ധ നിലപാടുകൾ വളർന്നുവരുന്ന ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ  ശ്രീനാരായണഗുരുവിന്റെ വചനങ്ങളും ആശയങ്ങളും ഏറെ പ്രാധാന്യമർഹിക്കുന്നതായി മന്ത്രി പറഞ്ഞു.

    ചടങ്ങിൽ വാർഡ് കൗൺസിലർ പാളയം രാജൻ,  അന്തർ ദേശീയ ശ്രീനാരായണ ഗുരു പഠനകേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി സുരേഷ് കുമാർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റീന എന്നിവരും സന്നിഹിതരായിരുന്നു.