നൂതന ഗവേഷണ സാങ്കേതികവിദ്യകളിലൂടെ കന്നുകാലികളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കും

സംസ്ഥാനത്തെ കന്നുകാലികളുടെ ജനിതകപരമായ പുരോഗമനത്തിനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരള കന്നുകാലി വികസന ബോര്‍ഡും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചും  കന്നുകാലികളുടെ ജനിതക ഗവേഷണരംഗത്ത് സംയുക്തമായി ആരംഭിക്കുന്ന ഗവേഷണ പദ്ധതികളുടെ ധാരണാപത്രം കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കന്നുകാലികളുടെ ഉല്പാദനശേഷി വര്‍ധിപ്പിക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി തന്മാത്രാ ജീവശാസ്ത്രത്തിലെ അത്യാധുനിക സാങ്കേതിക വിദ്യ ഉപകരണങ്ങള്‍ ഉപയോഗിക്കും. ഇത്  സംബന്ധിച്ച പ്രായോഗിക ഗവേഷണങ്ങള്‍ രണ്ട് സ്ഥാപനങ്ങളും സംയുക്തമായി ആരംഭിക്കുമെന്നും  മന്ത്രി പറഞ്ഞു.

അതോടൊപ്പം കന്നുകാലി പ്രജനനം, ജീനോമിക് സെലക്ഷന്‍, വിദ്യാഭ്യാസ വിനിമയം എന്നിവയെ പ്രോത്സാഹിപ്പിക്കുകയും ഇതുവഴി പാല്‍, മാംസം എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കാനായി നൂതന ഗവേഷണ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുകയാണ്  പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഐസര്‍ ഡയറക്ടര്‍ പ്രൊഫസര്‍ ജെ. നരസിംഹമൂര്‍ത്തി,  കെ. എല്‍. ഡി ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ജോസ് ജയിംസ്, ഐസര്‍ ലെ ശാസ്ത്രജ്ഞര്‍, കെ. എല്‍.ഡി ബോര്‍ഡ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.