ഓണ്‍ലൈന്‍ ഗെയിമിങ് പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിക്കണമെന്ന് ടോര്‍ഫ്

കൊച്ചി: ഓണ്‍ലൈന്‍ ഗെയിമുകളെ ചുറ്റിപ്പറ്റിയുള്ള ആശയക്കുഴപ്പങ്ങള്‍ തീര്‍ക്കാനും നിയമപരമായ ഗെയിമിങ് അനുദവിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ മാര്‍ഗരേഖ ഉണ്ടാക്കണമെന്നും ഇതു സംബന്ധിച്ച് പഠിക്കാന്‍ സംയുക്ത സമിതിയെ നിയോഗിക്കണമെന്നും ദി ഓണ്‍ലൈന്‍ റമ്മി ഫെഡറേഷന്‍ (ടോര്‍ഫ്) ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ റമ്മി വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് സംഘടന ഈ ആവശ്യം ഉന്നയിച്ചത്. നിയമപരമായും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചും മാത്രമെ ഈ രംഗത്ത് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും കൃത്യമായ മാര്‍ഗരേഖക്ക് രൂപം നല്‍കേണ്ടതുണ്ടെന്ന് ടോര്‍ഫ് സിഇഒ സമീര്‍ ബര്‍ദെ പറഞ്ഞു.  ഓണ്‍ലൈന്‍ റമ്മി വിലക്കിയ ഉത്തരവുകള്‍ മദ്രാസ് ഹൈക്കോടതിക്കു പിന്നാലെ കേരള ഹൈക്കോടതിയും സ്‌റ്റേ ചെയ്തത് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ റമ്മി നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഗെയിം ആണെന്നും ഇതിന് ഭരണഘടനാപരമായ സംരക്ഷണമുണ്ടെന്നും സ്ഥാപിക്കുന്നതാണ് ഈ രണ്ടു വിധികള്‍. ഓണ്‍ലൈന്‍ ഗെയിം രംഗത്ത് ആരോഗ്യകരമായ ഒരു നിയന്ത്രണ മാര്‍ഗരേഖ രൂപീകരിക്കാന്‍ ഈ വിധി ഒരു കാരണമാകുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു. ഈ രംഗം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേരള സര്‍ക്കാരുമായി സഹകരിക്കാന്‍ ദി ഓണ്‍ലൈന്‍ റമ്മി ഫെഡറേഷന്‍ ഒരുക്കമാണ്. കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ഒരു സംയുക്ത സമിതിയെ നിയോഗിക്കണമെന്ന ഞങ്ങളുടെ നിര്‍ദേശം ആവര്‍ത്തിക്കുന്നു-സമീര്‍ ബര്‍ദെ പറഞ്ഞു.

റമ്മി സാധ്യതകളുടെ ഗെയിം അല്ലെന്നും നൈപുണ്യ ഗെയിം ആണെന്നുമുള്ള ഞങ്ങളുടെ വാദത്തെ സാധൂകരിക്കുന്നതാണ് റമ്മി നിരോധന ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ബഹുമാനപ്പെട്ട കേരള, മദ്രാസ് ഹൈക്കോടതികളുടെ വിധി. നേരത്തെ സുപ്രീം കോടതിയും ഇതു തന്നെ പറഞ്ഞിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയിമുകളും റമ്മിയും സംബന്ധിച്ച എല്ലാ ആശക്കുഴപ്പങ്ങളും തീര്‍ക്കാന്‍ ഈ വിധികള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമിങ് ഒരു പുതിയകാല കളി രീതിയാണ്. അതിനെ അങ്ങനെ തന്നെ കാണണം- ഹെഡ് ഡിജിറ്റല്‍ വര്‍ക്സ് സ്ഥാപകനും സിഇഒയുമായ ദീപക് ഗുള്ളാപള്ളി പറഞ്ഞു.