പൊലീസ് ഉദ്യോഗസ്ഥര്‍ അനാവശ്യ ചടങ്ങുകളില്‍ പങ്കെടുക്കരുത്, സൂക്ഷ്മത പുലര്‍ത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കൂടുതല്‍ സൂഷ്മത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുത്. പ്രത്യേകിച്ചും യൂണിഫോമില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ലോക് ഡൗണ്‍ പരിശോധനകളിലെ ആക്ഷേപങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി സംസാരിക്കുകയായിരുന്നു.

മോണ്‍സണ്‍ മാവുങ്കല്‍ കേസിലടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപണം നേരിടുന്നതിനിടെയാണ് മുഖ്യമന്ത്രി പൊലീസ് യോഗം വിളിച്ചത്. ഓണ്‍ലൈന്‍ യോഗത്തില്‍ എസ്എച്ച്ഒ മുതല്‍ ഡിജിപിമാര്‍ വരെ ഉള്ളവര്‍ പങ്കെടുത്തു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള മോണ്‍സന്റെ ബന്ധമാണ് പുരാവസ്തുക്കേസിലെ സജീവ ചര്‍ച്ചാ വിഷയം. ലോക്‌നാഥ് ബെഹ്‌റയും മനോജ് എബ്രഹാും മോണ്‍സന്റെ വീട് സന്ദര്‍ശിച്ചതും വന്‍ വിവാദമായിരുന്നു.

ഇന്റിലജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും മോണ്‍സന്റെ വീടിന് സംരക്ഷണം നല്‍കാന്‍ ബെഹ്‌റ നിര്‍ദ്ദേശിച്ചതും മുന്‍ ഡിഐജി സുരേന്ദ്രനും മോണ്‍സണുമായുള്ള ബന്ധങ്ങളുമെല്ലാം പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്.