ആര്യന്‍ ഖാനെയുള്‍പ്പടെ 3 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

മുംബൈ: ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് താരം ഷാറുഖിന്റെ മകന്‍ ആര്യന്‍ ഖാനെ 3 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 11 വരെ കസ്റ്റഡിയില്‍ വേണമെന്നാണു നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ബോംബെ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. രാജ്യാന്തര ലഹരി മാഫിയയുമായി ആര്യനു ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ ഫോണില്‍നിന്നു ലഭിച്ചുവെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍സിബി വ്യക്തമാക്കി.

എന്നാല്‍, സംഘാടകര്‍ തന്നെ അതിഥിയായി ക്ഷണിച്ചതാണെന്ന വാദമാണ് ആര്യന്‍ കോടതിയില്‍ ഉന്നയിച്ചത്. ലഹരി ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നും ആര്യന്റെ അഭിഭാഷകന്‍ നിലപാടെടുത്തു.

‘രാജ്യാന്തര ലഹരിവ്യാപാരവുമായി ബന്ധപ്പെടുത്താവുന്ന ഫോണ്‍ സംഭാഷണം ലഭിച്ചുവെന്നാണ് എന്‍സിബി ആരോപിക്കുന്നത്. കപ്പലില്‍ ഉണ്ടായിരുന്ന സമയത്ത് ഒരു ലഹരിയും ഉപയോഗിച്ചിട്ടില്ല. പ്രത്യേക അതിഥിയായാണു കപ്പലിലേക്കു ക്ഷണിച്ചത്. ആര്യന്റെ ബാഗിലും സുഹൃത്ത് അര്‍ബാസിന്റെ ബാഗിലും ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയിരുന്നു. അര്‍ബാസില്‍നിന്നു പിടിച്ചെടുത്ത ആറു ഗ്രാം ലഹരിമരുന്ന് ചെറിയ അളവാണ്. മറ്റു ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തവരുമായി ആര്യനു ബന്ധമില്ല’ മുതിര്‍ന്ന അഭിഭാഷകന്‍ സതീഷ് മാന്‍ഷിന്‍ഡെ പറഞ്ഞു.

അതേസമയം, ഉപയോക്താവിനോട് അന്വേഷിച്ചില്ലെങ്കില്‍ ലഹരി എത്തിച്ചത് ആരാണെന്ന് എങ്ങനെ അറിയാനാകും? ആരാണ് ഇതിനായി പണം മുടക്കിയതെന്നും അറിയേണ്ടതുണ്ട്. രാജ്യാന്തര ലഹരിമാഫിയയുമായി ഈ സംഭവത്തിനു ബന്ധമുണ്ടെന്നാണു സൂചന. വിതരണം ചെയ്യാന്‍ കൂടിയ അളവില്‍ ലഹരിമരുന്ന് സംഭരിച്ചിരുന്നെന്ന് എന്‍സിബി ചൂണ്ടിക്കാട്ടി. ജാമ്യമില്ലാത്ത കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളതെന്നു കേസ് പരിഗണിച്ച ബോംബെ ഹൈക്കോടതി വ്യക്തമാക്കി.

കപ്പലിലും പുറത്തുമായി നടത്തിയ റെയ്ഡുകളില്‍, വാണിജ്യാടിസ്ഥാനത്തില്‍ സൂക്ഷിച്ചിരുന്ന ലഹരിമരുന്നു ശേഖരം കണ്ടെത്തിയെന്ന് എന്‍സിബി വ്യക്തമാക്കി. ഫോണ്‍ ചാറ്റില്‍ കോഡ് ഭാഷയാണ് ഉപയോഗിച്ചിട്ടുള്ളതെന്നും, ബാങ്ക്, പണമിടപാടുകളുടെ കാര്യങ്ങളിലും വ്യക്തത വേണമെന്നും എന്‍സിബി അറിയിച്ചു. നേരത്തെ, ലഹരിമരുന്നു വിതരണം ചെയ്ത ശ്രേയസ് നായരെ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു.