കേരളത്തില്‍ 75 ശതമാനത്തിലേറെ പേരും കോവിഡിനെതിരെ പ്രതിരോധശേഷി നേടിയെന്ന് പഠനം

തിരുവനന്തപുരം: സംസ്ഥാനത്തെ 18 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 75 ശതമാനത്തിലധികം പേരും കോവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചെന്ന് ആരോഗ്യവകുപ്പ്. സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി വിവിധ മേഖലകളിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. വാക്‌സിനേഷനാണ് കോവിഡിനെതിരായ പ്രതിരോധത്തിന്റെ പ്രധാന ഘടകമായി കണ്ടെത്തിയത്.

അതിനാല്‍ തന്നെ, നവംബര്‍ ഒന്നിനു സ്‌കൂളുകള്‍ തുറക്കുമ്പോള്‍, 18 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ മിക്കവര്‍ക്കും വാക്‌സീന്‍ നല്‍കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 92.8 ശതമാനം പേര്‍ക്ക് ഒരു ഡോസും (2,47,88,585), 42.1 ശതമാനം പേര്‍ക്ക് രണ്ട് ഡോസും (1,12,55,953) ഇതിനോടകം നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ഥികളുടെ വീടുകളില്‍ വാക്‌സീനെടുക്കാന്‍ ബാക്കിയുള്ളവരുണ്ടെങ്കില്‍ കുട്ടികളെ ഉപയോഗിച്ച് വിവരം ശേഖരിച്ച് അവര്‍ക്കു വാക്‌സീന്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് വിദഗ്ധസമിതി ശുപാര്‍ശ ചെയ്തു. കോവിഡ് കുട്ടികളില്‍ ഗുരുതരമാകില്ലെങ്കിലും വീടുകളിലുള്ള പ്രായമായവരെയും മറ്റു രോഗമുള്ളവരെയും ബാധിക്കാനിടയുണ്ട്.

ഇതിനെ പ്രതിരോധിക്കാന്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനാണു സര്‍ക്കാര്‍ നിര്‍ദേശം. വിദ്യാര്‍ഥികളുടെ വീടുകളില്‍ മറ്റു രോഗങ്ങളുള്ളവര്‍ക്കു കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.