പരാതികള്‍ പതിനഞ്ച് ദിവസത്തിനകം തീര്‍പ്പാക്കി മറുപടി നല്‍കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ സമര്‍പ്പിക്കുന്ന പരാതികള്‍ പതിനഞ്ച് ദിവസത്തിനകം തീര്‍പ്പാക്കി മറുപടി നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതികളെ സഹാനുഭൂതിയോടെ സമീപിക്കണമെന്നും കൃത്യവും ശരിയുമായ തീരുമാനം കൈക്കൊളളണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കൂടാതെ, ഓരോ ഓഫിസിലും പൊതുജന പരാതി സംവിധാനത്തിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും തീരുമാനമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം സമയബന്ധിതമായി ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്. നിലവില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ ബാക്കിയുള്ള അപേക്ഷകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പാക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.