കനയ്യ ഇട്ടു പോയത് വമ്പന്‍ തീപ്പൊരി !

തിരുവനന്തപുരം: കനയ്യ കുമാറിന്റെ കോണ്‍ഗ്രസിലേക്കുള്ള ചുവടുമാറ്റത്തിന് പിന്നാലെയാണ് കാനത്തിന്റെയും ഡി രാജയും ഇടയില്‍ തീപ്പൊരി വീണു തുടങ്ങിയത്. കനയ്യ കുമാര്‍ പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന ഡി രാജയുടെ പ്രതികരണത്തെ കാനം തള്ളിപ്പറഞ്ഞതു മുതല്‍ രണ്ടു പേരും പരസ്പരം ചെളിവാരി എറിയുകയാണ്.

കാനത്തിന്റെ പ്രതികരണത്തിനു പിന്നാലെ സിപിഐ അഖിലേന്ത്യ സെക്രട്ടറി ഡി രാജ വിമര്‍ശനവുമായി രംഗത്തെത്തി. ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് പാര്‍ട്ടി അച്ചടക്കത്തിനെതിരാണെന്ന് ഡി രാജ ചൂണ്ടിക്കാട്ടി. പാര്‍ട്ടി അച്ചടക്കം എല്ലാവരും പാലിക്കണം. തന്റെ പരാമര്‍ശത്തില്‍ കേരളഘടകം എതിര്‍പ്പറിയിച്ചില്ലെന്ന് ഡി രാജ ചൂണ്ടിക്കാട്ടി. ഡി.രാജക്കെതിരായ കാനം രാജേന്ദ്രന്റെ പരാമര്‍ശത്തെ ദേശീയ നിര്‍വാഹക സമിതിയും അപലപിച്ചു.

കനയ്യ കുമാര്‍ പാര്‍ട്ടിയെ വഞ്ചിച്ചെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഡി.രാജ. കനയ്യ പാര്‍ട്ടി വിട്ടത് വ്യക്തിപരമായ നേട്ടത്തിനാണെന്ന് ഡി. രാജ പറയുന്നു. കനയ്യക്ക് പ്രത്യയശാസ്ത്ര രാഷ്ട്രീയ പ്രതിബന്ധത ഇല്ല. ജനദ്രോഹ നടപടികള്‍ കണ്ടാല്‍ ഇരകള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടെന്നും ഡി രാജ പറഞ്ഞു. കനയ്യയ്ക്ക് പാര്‍ട്ടി അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്നും ഡി രാജ വ്യക്തമാക്കി. അതിനിടെ ആനി രാജയ്ക്ക് പിന്തുണയും ഡി രാജ നല്‍കി. സ്ത്രീ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ദേശീയ നേതാക്കള്‍ക്ക് അഭിപ്രായം പറയാമെന്ന് ഡി.രാജ പറഞ്ഞു.

പിന്നാലെ, ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രന്‍ രംഗത്തെത്തി. പാര്‍ട്ടി ഭരണഘടന താന്‍ വായിച്ചിട്ടുണ്ടെന്നും അതുപ്രകാരമുള്ള അച്ചടക്കം പാലിക്കുന്നുണ്ടെന്നുമായിരുന്നു കാനത്തിന്റെ മറുപടി. ദേശീയനേതാക്കള്‍ പൊതുവിഷയങ്ങളില്‍ അഭിപ്രായം പറയരുതെന്ന് നിലപാടില്ല. എന്നാലതിന് മുന്‍പ് കൂടിയാലോചന നടത്താറാണ് പതിവെന്നും കാനം പറഞ്ഞു.

എന്നാല്‍, ഡി രാജയ്‌ക്കെതിരായ കാനം രാജേന്ദ്രന്റെ പ്രസ്താവനയെ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അപലപിച്ചു. ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് അച്ചടക്കലംഘനമാണെന്ന് ഡി രാജ വ്യക്തമാക്കി. കേരള പൊലീസിനെതിരായ ആനി രാജയുടെ നിലപാടില്‍ ഡി രാജ പിന്തുണ ആവര്‍ത്തിച്ചു. കനയ്യ കുമാര്‍ വിഷയത്തിലും ഡി രാജ കാനത്തോട് വിയോജിച്ചു.

നേരത്തെ, കേരള പൊലീസിനെതിരെ പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജ നടത്തിയ വിമര്‍ശനത്തെ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പരസ്യമായി പിന്തുണച്ചിരുന്നു. എന്നാല്‍ സംസ്ഥാന നേതാക്കളുമായി ആശയവിനിമയം നടത്താതെ അഭിപ്രായം പറഞ്ഞ ആനി രാജ പാര്‍ട്ടി തീരുമാനം ലംഘിച്ചുവെന്ന് കേരളഘടകം നിലപാടെടുത്തു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഡി രാജയെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു.

ജനറല്‍ സെക്രട്ടറിയായാലും വിമര്‍ശിക്കുമെന്ന കാനത്തിന്റെ പ്രസ്താവനയെ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് ഡി രാജ നേരിട്ടത്. പാര്‍ട്ടിക്ക് കൃത്യമായ ചട്ടക്കൂടുണ്ട്, ആഭ്യന്തര ജനാധിപത്യമുണ്ട്. എന്നാല്‍ അച്ചടക്കം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. പരസ്യവിമര്‍ശനം സ്വീകാര്യമല്ലെന്നും രാജ പറഞ്ഞു.

ആനി രാജയ്ക്കുള്ള പിന്തുണ ഡി രാജ ആവര്‍ത്തിച്ചു. പൊലീസിന്റെ അമിതാധികാര പ്രയോഗം അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ട്ടിക്ക് കൃത്യമായ നിലപാടുണ്ട്. പൊതു വിഷയങ്ങളില്‍ ദേശീയനേതാക്കള്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ഡി രാജയുടെ വാദം.

കനയ്യ കുമാര്‍ പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന ഡി രാജയുടെ പ്രതികരണത്തെയും കാനം തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ കനയ്യ പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന് ആവര്‍ത്തിച്ച ഡി രാജ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാക്കിയതടക്കം അര്‍ഹമായ എല്ലാ പരിഗണനയും കനയ്യയ്ക്ക് നല്‍കിയിരുന്നുവെന്നുമായിരുന്നു ഡി രാജയുടെ വിശദീകരണം.