നിയമസഭയില്‍ എപ്പോള്‍ വരണമെന്ന് എനിക്കറിയാം, സതീശന്റെ ഉപദേശം വേണ്ടെന്ന് പി വി അന്‍വര്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന് കടുത്ത ഭാഷയില്‍ മറുപടിയുമായി നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. നിയമസഭയില്‍ എപ്പോള്‍ വരണം എന്നത് തനിക്ക് അറിയാമെന്നും, അതിന് വി.ഡി സതീശന്റെ ഉപദേശം വേണ്ടെന്നും അന്‍വര്‍ പറഞ്ഞു. ജനങ്ങളോട് എങ്ങനെ പെരുമാറണം എന്നും അറിയാം. ജനങ്ങളോടുളള ബാധ്യത നിറവേറ്റാനും അറിയാമെന്നും ഫെയ്‌സ്ബുക് പേജിലൂടെ പുറത്തുവിട്ട വിഡിയോയില്‍ അദ്ദേഹം പറയുന്നു.

നേരത്തെ, തുടര്‍ച്ചയായി നിയമസഭയില്‍ വരാത്ത പി.വി അന്‍വര്‍ എംഎല്‍എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫ് നിലപാടെടുക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. നിലമ്പൂര്‍ എംഎല്‍എയായ അന്‍വര്‍ സഭയില്‍ എത്താത്തത് ചര്‍ച്ചയാകുകയാണ്.

പതിനഞ്ചാം സമ്മേളനത്തിന്റെ മൂന്നാം സമ്മേളനം തുടങ്ങി ഇതുവരെയും പി.വി അന്‍വര്‍ സഭയില്‍ എത്തിയിട്ടില്ല. കഴിഞ്ഞ സമ്മേളനത്തില്‍ ഒരു ദിവസം പോലും പി.വി. അന്‍വര്‍ പങ്കെടുത്തില്ല. അവധി അപേക്ഷ പോലും നല്‍കാതെയാണ് ഈ വിട്ടു നില്‍ക്കല്‍ എന്ന് നിയമസഭാ സെക്രട്ടേറിയറ്റിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.