അതിര്‍ത്തി കടന്നെത്തി വീണ്ടും ചൈനീസ് സേന, തുരത്തിയോടിച്ച് ഇന്ത്യ

ഇറ്റാനഗര്‍: ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ സൈനികര്‍ വാക് പോര് നടത്തിയെന്ന് റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ – ചൈനീസ് സൈനികര്‍ മുഖാമുഖം വന്നതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങളാണ് അറിയിച്ചത്. ഏതാനും മണിക്കൂര്‍ നീണ്ട സംഘര്‍ഷാവസ്ഥ പ്രോട്ടോക്കോള്‍ പ്രകാരം ചര്‍ച്ച ചെയ്ത് പരിഹരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം നടന്നത്. ബും ലാ പാസിനും യാങ്‌സീയ്ക്കും ഇടയിലായിരുന്നു ചൈനീസ് സൈന്യം എത്തിയത്.

ഇതാദ്യമായല്ല നിയന്ത്രണ രേഖ കടക്കാന്‍ ചൈന ശ്രമിക്കുന്നത്. 2016 ല്‍ 200 ഓളം ചൈനീസ് സൈനികര്‍ യാങ്‌സീ വരെ എത്തിയിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം മടങ്ങിപ്പോവുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് 30 ന് നൂറിലധികം ചൈനീസ് സൈനികര്‍ അതിര്‍ത്തി കടന്ന് ഉത്തരാഖണ്ഡിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു ശേഷം ഒരു മാസം പിന്നിടുമ്പോഴാണ് വീണ്ടും ചൈനീസ് നുഴഞ്ഞുകയറ്റം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയിലേക്കു കടന്ന സൈനികര്‍ ഒരു പാലത്തിന് കേടുപാടുണ്ടാക്കിയ ശേഷമാണു മടങ്ങിയതെന്ന് ചില ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നൂറിലേറെ സൈനികരും 55 കുതിരകളുമാണ് തുന്‍ ജുന്‍ ലാ പാസ് വഴി ഇന്ത്യയിലെത്തിയത്. 5 കിലോമീറ്ററിലധികം അവര്‍ അതിര്‍ത്തി കടന്നു സഞ്ചരിച്ചു.