സി.പി.എം വിളിക്കുമോ ,ഇവർ വരുമോ ?

രാഷ്ട്രീയത്തില്‍ ഒന്നും… ഒന്നും… ഒരിക്കലും രണ്ടല്ല. നേതാക്കളുടെ ചേരിമാറ്റം ഒരു തുടര്‍ക്കഥ തന്നെയാണ്. അടുത്തയിടെ മൂന്ന് കെ.പി.സി.സി സെക്രട്ടറിമാരാണ് കോണ്‍ഗ്രസ്സ് വിട്ട് സി.പി.എമ്മില്‍ എത്തിയിരിക്കുന്നത്. ഇതില്‍ ഒരാള്‍ സംഘടനാ ജനറല്‍ സെക്രട്ടറിയാണെന്നതും നാം ഓര്‍ക്കണം. ശക്തമായ കേഡര്‍ പാര്‍ട്ടി ആയിട്ടും എ.കെ.ജി സെന്ററിന്റെ വാതില്‍ തുറന്നിട്ടാണ് സി.പി.എം കോണ്‍ഗ്രസ്സ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇനിയും പല പ്രമുഖ നേതാക്കളും ഊഴം കാത്ത് നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വി.എം സുധീരന്റെ ഉടക്കില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനു തന്നെ വലിയ ആശങ്കയിലാണുള്ളത്. ലോകസഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കോണ്‍ഗ്രസ്സ് മാത്രമല്ല യു.ഡി.എഫ് തന്നെ ശിഥിലമാകുമെന്നാണ് സി.പി.എം നേതൃത്വം കണക്ക് കൂട്ടുന്നത്. ഒരിക്കലും കഴിഞ്ഞ തവണ നേടിയ 19 സീറ്റുകള്‍ യു.ഡി.എഫിന് ലഭിക്കുകയില്ല. ഇത്തവണ 15 സീറ്റുകളിലെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷമുള്ളത്.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ എഫക്ടാണ് ഇടതുപക്ഷത്തെ ചതിച്ചിരുന്നത്. ആ തെറ്റ് തിരുത്താനുള്ള അവസരം കേരളം കാണിച്ചാല്‍ അത് യു.ഡി.എഫ് സംവിധാനത്തെയാണ് ബാധിക്കുക. ഇപ്പോള്‍ തന്നെ മുസ്ലീംലീഗ് കടുത്ത നിരാശയിലാണുള്ളത്. ലോകസഭ തിരഞ്ഞെടുപ്പില്‍ കൂടി തിരിച്ചടി നേരിട്ടാല്‍ യു.ഡി.എഫില്‍ തുടരുക അവര്‍ക്കും പ്രയാസകരമാകും. ആര്‍.എസ്.പിയുടെ സ്ഥിതിയും വ്യത്യസ്തമല്ല സി.പി.എമ്മിന്റെ കരുണ പ്രതീക്ഷിച്ചാണ് ഈ പാര്‍ട്ടിയും ഇപ്പോള്‍ നില്‍ക്കുന്നത്. പഴയ വീരശൂര പരാക്രമികളെല്ലാം ചൂട് വെള്ളത്തില്‍ വീണ പൂച്ചയുടെ അവസ്ഥയിലാണിപ്പോള്‍ ഉള്ളത്. മലപ്പുറത്തെ രണ്ട് ലോകസഭ സീറ്റില്‍ പൊന്നാനി ഇത്തവണ കൈവിട്ടു പോകുമോയെന്ന ഭയം മുസ്ലീംലീഗിന് ശരിക്കും ഉണ്ട്. അങ്ങനെ സംഭവിച്ചാല്‍ മലപ്പുറത്തിന്റെ രാഷ്ട്രീയ സമവാക്യമാണ് മാറുക.

അതുപോലെ തന്നെ സിറ്റിംഗ് സീറ്റായ കൊല്ലം ലോകസഭ മണ്ഡലം നഷ്ടപ്പെടുമെന്ന ഭീതി ആര്‍.എസ്.പിക്കും നിലവിലുണ്ട്. ഈ സീറ്റ് നിലനിര്‍ത്താന്‍ ഇടതുപക്ഷത്തേക്ക് തിരിച്ചെത്താനാണ് ആ പാര്‍ട്ടിയുടെ ശ്രമം.എന്നാല്‍ അത് നടക്കാനുള്ള സാധ്യത വളരെ കുറവാണ്. സി.പി.എം നേതൃത്വത്തിന്റെ എതിര്‍പ്പു തന്നെയാണ് ആര്‍.എസ്.പിക്ക് തിരിച്ചടിയായിരിക്കുന്നത്. പിജെ ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ്സും ഗതികിട്ടാത്ത അവസ്ഥയിലാണുള്ളത്. ഇടതുപക്ഷത്ത് ജോസ് കെ മാണി വിഭാഗം കരുത്താര്‍ജിച്ചതോടെ ജോസഫിന്റെ അനുയായികളും കൂട്ടത്തോടെയാണ് ജോസ് കെ മാണിക്കൊപ്പം ചേക്കേറി കൊണ്ടിരിക്കുന്നത്. നേതൃമാറ്റം എന്ന കോണ്‍ഗ്രസ്സിന്റെ ചെപ്പടി വിദ്യയൊന്നും യു.ഡി.എഫില്‍ ഏശിയിട്ടില്ലന്നതാണ് യാഥാര്‍ത്ഥ്യം. പ്രതിപക്ഷത്തെ മറ്റൊരു പാര്‍ട്ടിയായ ബി.ജെ.പിയിലും കാര്യങ്ങള്‍ കൈവിട്ട അവസ്ഥയാണുള്ളത്.

മുതിര്‍ന്ന നേതാക്കളായ ഒ രാജഗോപാല്‍ സി.കെ പത്മനാഭന്‍ ശോഭ സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തി കഴിഞ്ഞു. പി.കെ കൃഷ്ണദാസ് പക്ഷവും പുനസംഘടനയില്‍ നിരാശരാണ്. കെ.സുരേന്ദ്രനു കീഴില്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്ന ചോദ്യം ഈ വിഭാഗം നേതാക്കളില്‍ വ്യാപകമാണ്. പുനസംഘടനയില്‍ തഴയപ്പെട്ട ശോഭ സുരേന്ദ്രന്‍ ‘ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പദവി പ്രശ്‌നമല്ലെന്നും പദവി അല്ല ജനപിന്തുണയാണ് പ്രധാനമെന്നുമാണ് ‘ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

പുരാണ കഥ പറഞ്ഞു കൊണ്ടാണ് ശോഭ സുരേന്ദ്രന്‍ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ‘പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്ന് പറഞ്ഞ ഹിരണ്യ കശിപുവിന്റെ അവസ്ഥയെ ഓര്‍മിപ്പിച്ചാണ് അവരുടെ ഫേസ് ബുക്ക് പോസ്റ്റ്. ഹിരണ്യ കാശിപു ഭീഷണിപ്പെടുത്തിയിട്ടും പ്രഹ്ലാദന്‍ നിലപാടില്‍ ഉറച്ചു നിന്നുവെന്നും ഈ പോസ്റ്റില്‍ ശോഭ സുരേന്ദ്രന്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്. ദേശീയ നിരവാഹക സമിതിയില്‍ നിന്നാണ് ശോഭ സുരേന്ദ്രനെ ബി.ജെ.പി വെട്ടിനിരത്തിയിരിക്കുന്നത്. ഇതിനു പിന്നില്‍ വി.മുരളീധരന്‍ – കെ. സുരേന്ദ്രന്‍ കൂട്ടുകെട്ടാണെന്നാണ് കൃഷ്ണദാസ് പക്ഷം ആരോപിക്കുന്നത്.

സുരേന്ദ്രന്‍ അദ്ധ്യക്ഷനായ ശേഷം കേരളത്തിലെ ബി.ജെ.പിയുടെ അവസ്ഥ തന്നെ ദയനീയമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടി വളരെ വലുതാണ്. വോട്ടിങ്ങ് ശതമാനത്തിലെ കുറവ് മാത്രമല്ല കൈവശമുണ്ടായിരുന്ന ഏകസീറ്റും ബി.ജെ.പിക്ക് നഷ്ടപ്പെടുകയുണ്ടായി. രണ്ടിടത്ത് മത്സരിച്ച കെ സുരേന്ദ്രനും ദയനീയമായാണ് പരാജയപ്പെട്ടിരിക്കുന്നത്. എന്നിട്ടും സുരേന്ദ്രന്‍ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്നത് കേന്ദ്രമന്ത്രി വി മുരളീധരന് ദേശീയ തലത്തിലുള്ള സ്വാധീനം ഒന്നുകൊണ്ട് മാത്രമാണ്.

ഈ സ്വാധീനത്തിന്റെ ആഴം മനസ്സിലാക്കുന്നതിലാണ് കൃഷ്ണദാസ് പക്ഷത്തിനും പിഴച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ‘ബി.ജെ.പിക്ക് ഒപ്പം ഇനി എത്രനാള്‍” എന്ന ചോദ്യമാണ് ഈ നേതാക്കളെ എല്ലാം അലട്ടുന്നത്. പ്രവര്‍ത്തിക്കാന്‍ പദവികള്‍ ആവശ്യമില്ലന്ന് ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെ പറയുന്നുണ്ടെങ്കിലും പദവി ഉണ്ടായിട്ടു പോലും അവഗണിക്കപ്പെട്ട സാഹചര്യത്തില്‍ അതു കൂടി നഷ്ടപ്പെട്ട ശോഭ സുരേന്ദ്രന് ബി.ജെ.പിയില്‍ മുന്നോട്ട് പോവുക പ്രയാസകരമായിരിക്കും. രാഷ്ട്രീയ നിരീക്ഷകരും അതു തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.

ശോഭസുരേന്ദ്രന്‍ മുന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ പത്മനാഭന്‍ മുന്‍ എം.എല്‍.എ ഒ രാജഗോപാല്‍ എന്നിവര്‍ സി.പി.എമ്മിന്റെ നിലപാടിനു വേണ്ടിയാണ് ഇപ്പോള്‍ കാത്ത് നില്‍ക്കുന്നത്. എ.കെ.ജി സെന്ററിന്റെ വാതില്‍ ഇവര്‍ക്കായി സി.പി.എം തുറന്നാല്‍ അത് പുതിയ ചരിത്രമാകും. ബി.ജെ.പി ദേശീയ നേതൃത്വത്തിനും ഇത്തരമൊരു നീക്കം വന്‍ പ്രഹരമായാണ് മാറുക.