ആഡംബരക്കപ്പലിലെ മയക്കുമരുന്ന് കേസ്; ഷാരൂഖ് ഖാന്റെ ഡ്രൈവറുടെയും മൊഴി രേഖപ്പെടുത്തി

മുംബൈ: ആര്യന്‍ ഖാന്‍ ഉള്‍പ്പടെ പ്രതികളായ മുംബൈ ആഡംബരക്കപ്പലിലെ മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഡ്രൈവറെ എന്‍സിബി ചോദ്യം ചെയ്തു. എന്‍സിബി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് രാജേഷ് മിശ്രയുടെ മൊഴി രേഖപ്പെടുത്തിയത്. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ആഡംബര കപ്പലിലേക്ക് ആര്യന്‍ ഖാനെയും സുഹൃത്തുക്കളെയും എത്തിച്ചത് രാജേഷ് മിശ്രയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. ചോദ്യം ചെയ്യലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

കേസിലെ പ്രതികളായ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, പ്രതീക് ഗബ എന്നിവരുള്‍പ്പടെയുളളവര്‍ക്ക് വെളളിയാഴ്ച മുംബയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതോടെ ആര്യന്‍ ഖാന്‍ അടക്കം ആറു പേര്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇപ്പോള്‍. ആര്യനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് കഴിഞ്ഞദിവസം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആവശ്യപ്പെട്ടെങ്കിലും കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. കേസില്‍ പ്രത്യേക എന്‍ഡിപിഎസ് കോടതിയിലാകും ഇനി വാദം നടക്കുക.