സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ കത്തികരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം

വര്‍ക്കല: സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ കത്തികരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം. ചൊവ്വാഴ്ച രാവിലെയാണ് വര്‍ക്കല ഹെലിപ്പാഡിന് സമീപം ഔട്ടുപുര റിസോര്‍ട്ടിന് പിന്‍വശത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

അതിരാവിലെ പറമ്പില്‍ തീ കണ്ടാണ് ചില നാട്ടുകാര്‍ പറമ്പ് പരിശോധിച്ചത്. ചവറുകള്‍ക്ക് തീപടര്‍ന്നതായിരുന്നു ആദ്യം കണ്ടത്. ഇത് അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് മൃതദേഹം കത്തിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വര്‍ക്കല പൊലീസിനെ വിവരം അറിയിച്ചു.

പൊലീസ് പരിശോധനയില്‍ മൃതദേഹം അമ്പത് വയസ് പിന്നിട്ട പുരുഷന്റെയാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം വര്‍ക്കല സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.