ദസറ ആഘോഷത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; നാല് മരണം

റായ്പൂര്‍: ദസറാ ആഘോഷങ്ങളുടെ ഭാഗമായി ദുര്‍ഗാ വിഗ്രഹ നിമഞ്ജന ഘോഷയാത്രയ്ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി നാലുമരണം. 16 പേര്‍ക്ക് അതീവ ഗുരുതരമായ പരിക്കേറ്റു. ഛത്തീസ്ഗഡിലെ ജഷ്പൂരിലാണ് സംഭവം. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പാതല്‍ഗാവോണിലെ റായ്ഗഡ് റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ കുപിതരായ ജനം വാഹനം ഓടിച്ചിരുന്നയാളെ പിടികൂടി മര്‍ദ്ദിക്കുകയും കാറ് തീയിടുകയും ചെയ്തു. അതേസമയം, കാറില്‍നിന്നും വലിയ അളവില്‍ കഞ്ചാവ് കണ്ടെത്തിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ബബ്‌ലു വിശ്വകര്‍മ്മ, ശിശുപാല്‍ സാഹു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ മദ്ധ്യപ്രദേശ് സംസ്ഥാനത്തില്‍നിന്നും ഉളളവരാണ്. ഛത്തീസ്ഗഡ് വഴി കടന്നുപോകുമ്പോഴാണ് അപകടമുണ്ടായത്. സംഭവം ദു:ഖകരവും ഹൃദയഭേദകവുമാണെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ ട്വീറ്റ് ചെയ്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നെങ്കിലും ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമായിട്ടുണ്ട്.