കൂട്ടിക്കല്‍ ഉരുള്‍പ്പൊട്ടല്‍; കുഞ്ഞിന്റെ ഉള്‍പ്പെടെ 6 മൃതദേഹങ്ങള്‍ കണ്ടെടുത്തു, മരണം 9 ആയി

കോട്ടയം: കോട്ടയം കൂട്ടിക്കല്‍ ഉരുള്‍പ്പൊട്ടലില്‍ ഒരു കുഞ്ഞിന്റെ ഉള്‍പ്പെടെ 6 പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തു. കാവാലിയില്‍ നിന്ന് ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം കൂടി കണ്ടെടുത്തു.  ഇന്നലെ കാവാലിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചിരുന്നു. ഇതോടെ കൂട്ടിക്കലില്‍ മരിച്ചവരുടെ എണ്ണം 9 ആയി. തിരച്ചില്‍ തുടരുന്നു.

ഏന്തയാറില്‍ പിക്കപ്പ് ഓടിക്കുന്ന ഷാലിത്ത് ഓലിക്കല്‍ എന്നയാളുടെ മൃതദേഹം ഇന്ന് കണ്ടെത്തിയിരുന്നു. എറണാകുളം, കോട്ടയം അഗ്‌നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ 40 പേര്‍ അടങ്ങുന്ന സംഘമാണ് കൂട്ടിക്കലില്‍ തിരച്ചില്‍ നടത്തുന്നത്. ഇടുക്കി കൊക്കയാറിലും എട്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നുണ്ട്.

അതേസമയം, ഇടുക്കി ഡാമില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നത് ആശങ്കയുളവാക്കുന്നുണ്ട്. എന്നാല്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞതിനാല്‍ മഴയ്ക്ക് ശമനമുണ്ടെന്നത് ആശ്വാസകരമാണ്.

ഇന്ന് കേരളത്തില്‍ മഴയുടെ ശക്തിയും കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചവരെ പരക്കെ മഴയുണ്ടകും. എന്നാല്‍ തീവ്രമഴക്കുള്ള സാധ്യത കുറഞ്ഞു. മലയോര മേഖലയില്‍ ജാഗ്രതതുടരണം.

സംസ്ഥാന ദുരന്ത പ്രതികരണ സെല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. 112 എന്ന നമ്പറില്‍ പൊലീസ് സഹായവും തേടാവുന്നതാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി നേരിട്ടാണ് അവലോകനം ചെയ്യുന്നത്. ദുരിതാശ്വാസക്യാംപുകള്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവരും മാസ്‌ക് ധരിക്കണമെന്നും കൂട്ടം കൂടരുതെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാംപുകള്‍ തുടങ്ങാനും കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ദുരിതബാധിത മേഖലകളില്‍ ഹെലികോപ്റ്ററില്‍ ഭക്ഷണം എത്തിക്കുമെന്ന് മന്ത്രി കെ.രാജന്‍.

മന്ത്രിമാരുടെ നേതൃത്വത്തില്‍ മുണ്ടക്കയം ഗസ്റ്റ് ഹൗസില്‍ അവലോകനയോഗം ചേരുന്നുണ്ട്. പ്രളയ പ്രതിസന്ധി നേരിടാന്‍ കെ എസ് ഇ ബി ഉന്നതതല യോഗം ഇന്ന് ചേരും. വൈകീട്ട് മൂന്നിനുള്ള യോഗത്തില്‍ മുഴവന്‍ ഡയറക്ടര്‍മാരും പങ്കെടുക്കും.

കക്കി, ഇടമലയാര്‍, ഇടുക്കി അണക്കെട്ടുകള്‍ തുറക്കേണ്ടി വന്നാലുള്ള മുന്നൊരുക്കം വിലയിരുത്തും. വിതരണ വിഭാഗത്തിലെ മുഴുവന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെ യോഗവും വൈകീട്ടാവും.