ഇരുളിൽ ( കവിത -ബാലകൃഷ്ണൻ കെ.കുറ്റിപ്പുറം)

ഇരിപ്പുഞാനൊരല്പനേരമെന്നിലെക്കിനാക്കൾ തൻ
കരയ്ക്കലല്പനേരമെൻമനസ്സിനെത്തളച്ചിടാൻ
കരിക്കുമേന്തിനിന്നിടുന്നകല്പവൃക്ഷമായതിൻ
കടയ്ക്കലെത്തണൽത്തണുപ്പുമേറ്റുഞാനിരിയ്ക്കവേ !
പരുത്തജീവിതത്തിലേറ്റ കൂർത്തുമൂർത്ത മുള്ളുകൾ
പറിച്ചെടുത്തു നൊമ്പരം,മറക്കുവാൻ ശ്രമിയ്ക്കവേ
കഴിഞ്ഞുപോയജീവിതത്തുരുത്തുതാണ്ടി,തോണി ഞാൻ
തുഴഞ്ഞു നീങ്ങിയെത്തിയീ’,ക്കരക്കു സന്ധ്യ വേളയിൽ
പഠിച്ച പാഠമൊക്കെയുംപകർത്തുവാൻ ശ്രമിച്ചു ഞാൻ
ശഠിച്ചതില്ലയൊന്നിനും,പരാർത്ഥ ചിന്ത യെന്നിയേ !
പണം പടുത്യമോടെ നേടുവാൻലഭിച്ച വേളകൾ
ഗുണം ഗണിച്ചിടാതെ വിട്ടു,തത്വബോധ ചിന്തയാൽ
ഒടുക്കമീനിലക്കിരിപ്പുനഷ്ടബോധമെന്നിയേ
തിടുക്കമില്ല.യൊന്നിനും,നടക്കുമേതു കാര്യവും
പടിപ്പുറത്തു നില്ക്കണം,വെടിപ്പുകെട്ട സ്വാർത്ഥത
പിടിപ്പുകേടു കാണവോർമിടുക്കനെന്നു തേറിടാ !
ഇതിപ്രകാര മോർത്തു ഞാൻകടയ്ക്കു ചേർന്നിരിയ്ക്കവേ
കൊതിച്ചുപോയി മാനസം,മനുഷ്യരിൽ മനുഷ്യരെ
ചതിച്ചിടാത്ത സൗഹൃദംതുളൂമ്പിടുന്ന സംസ്കൃതി
മതത്തിലല്ല മർത്യരിൽ മനസ്സുറച്ചു നീങ്ങുവാൻ
വിരിഞ്ഞു കാണുമോ മനസ്സിൽ മൊട്ടിടും കിനാക്കളെ
വിരഞ്ഞു ഞാനലഞ്ഞിടുന്നിതിരുളടഞ്ഞ വീഥിയിൽ !
പരാശ്രയത്വ ശീലമൊക്കെയും ത്യജിച്ച
ജനതയായ്
വരാമൊരിയ്ക്കൽ നല്ല നാളുവീണ്ടുമെൻ്റ നാടിതിൽ