കെപിസിസി പട്ടിക പ്രഖ്യാപിച്ചു; നാല് വൈസ് പ്രസിഡന്റുമാര്‍

തിരുവനന്തപുരം: 56 അംഗ കെ പി സി സി ഭാരവാഹി പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്‌ പ്രഖ്യാപിച്ചു. ആവശ്യമായ കൂടിയാലോചന നടത്തിയ ശേഷമാണ് പട്ടിക തയ്യാറാക്കിയതെന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് തെരുവിലിറങ്ങേണ്ടി വരില്ലെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.

എന്‍ ശക്തന്‍, വിടി ബല്‍റാം, വിജെ പൗലോസ്, വിപി സജീന്ദ്രന്‍ എന്നിവരാണ് നാല് വൈസ് പ്രസിഡന്റുമാര്‍. വനിതകളില്‍ നിന്ന് ആരെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചില്ല.

ട്രഷററായി അഡ്വ. പ്രതാപചന്ദ്രനെ തെരഞ്ഞെടുത്തു. പട്ടികയില്‍ 23 ജനറല്‍ സെക്രട്ടറിമാരാണുള്ളത്. ജനറല്‍ സെക്രട്ടറിമാരായി മൂന്നു വനിതകളെ ഉള്‍പ്പെടുത്തി. ദീപ്തി മേരി വര്‍ഗീസ്, അലിപ്പറ്റ ജമീല, കെഎ തുളസി എന്നിവരെയാണ് ജനറല്‍ സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്. വിമത സ്വരം ഉയര്‍ത്തിയ എ വി ഗോപിനാഥിനെ ഒഴിവാക്കി.

പത്മജ വേണുഗോപാല്‍, ഡോ. സോന എന്നീ രണ്ട് വനിതകളെ കെ പി സി സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഡി സുഗതനേയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

51 പേർ മാത്രം ഉണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. 325 അംഗ പട്ടികയാണ് 56 ആക്കിയത്. 42 ജനറൽ സെക്രട്ടറിമാർ ഉണ്ടായിരുന്നത് 23 ആക്കി ചുരുക്കി. 12 വൈസ് പ്രസിഡന്റ്മാറുണ്ടായിരുന്നത് 4 ആക്കി.