സാന്ത്വനം (കവിത -സുലൈമാന്‍ പെരുമുക്ക് )

സാന്ത്വനമേകാന്‍ കൈകോര്‍ക്കുക
സന്മാര്‍ഗ പാതയില്‍ അണിചേരുക
ദീപങ്ങളായ്, സൂനങ്ങളായ്
സഹജരില്‍
അനുഗ്രഹമായ് വരിക

തീരാത്ത ദുഖത്താല്‍ തളർന്നിടുന്ന
സഹജരെ കാണുമ്പോള്‍ അകന്നിടല്ലെ
തകരുന്ന ജീവിതം കണ്ടിടുമ്പോള്‍
പാഠം പഠിക്കാന്‍
നീ മറന്നിടല്ലെ

ആശ്രയം തേടുന്ന സോദരനെ
അകക്കണ്ണിനാലൊന്ന് ദർശിക്കണേ
അത്താണിയായ് തീരാൻ കഴിഞ്ഞില്ലെങ്കില്‍
ആശ്വാസ വചനം
നീ ദാനമേകു

പൂമഴയായ് നീ
പെയ്തിറങ്ങു
പാഴ് ഭൂവിലും
പുതു ജീവന്‍ തുള്ളും
പൗർണമി തിങ്കളായ്
നീ തിളങ്ങു
പനിനീര്‍ പൂവിതളായ്
നീ വിളങ്ങും