കിളിക്കുഞ്ഞിന്റെ വീഴ്ചയും എന്റെ ചിന്തകളും ( ഹരിത.കെ )

വീടിനു മുറ്റത്ത് തൂക്കിയിട്ട ചെടികൾക്കിടയിൽ കിളികൾ നാരുകൾ കൊണ്ട് കൂടുകൂട്ടുന്നത് ശ്രദ്ധയോടെ നോക്കി നിൽക്കുയായിരുന്നു ലക്ഷ്മി. അമ്പോ! എന്തൊരു ചാതുര്യം. എത്ര മനോഹരമാണീ കാഴ്ച . ഈ കിളികൾക്കിതെങ്ങിനെ സാധിക്കുന്നു . അത്ഭുതം തന്നെ. പല നിറങ്ങളുള്ള ഒരു ചെറിയ കൂട്. അവൾ മനസിൽ ആലോചിച്ചു.പിന്നീടത് മണിക്കൂറുകളോളം കൂട്ടിൽ തന്നെയിരുന്നു . ആ കിളി ശബ്ദമുണ്ടാക്കി പറന്നുപോകുന്നതു കാണാനായിരുന്നു അവൾ ഏറെ നേരം കാത്തിരുന്നത്. കുറെ നേരമായിട്ടും കിളി അനങ്ങാതായപ്പോഴാണ് അതടയിരിക്കുകയാണോ എന്ന വൾക്കു സംശയമു ണ്ടായത്. ചെറുപ്പത്തിൽ നാട്ടിലേക്ക് വരുമ്പോഴൊക്കെ മുത്തശ്ശിപറഞ്ഞു തന്നിരുന്ന കഥകളിലെല്ലാം കിളികളും ആനയും സിംഹവും വേണമെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു. പണ്ടൊരിക്കൽ മുത്തശ്ശിപറഞ്ഞ കഥകളിലൊന്ന് കിളികൾ കൂടുകൂട്ടി അടയിരിക്കുന്നതും കുഞ്ഞുങ്ങൾ പുറത്തുവരുന്നതുമായിരുന്നു..

ആ കിളിയെ ഇടക്കിടെ മറ്റൊരു കിളി സന്ദർശിക്കാനെത്തുന്നതും ചിറകടിച്ച് കൂടിനു ചുറ്റും കറങ്ങുന്നതും ശ്രദ്ധയിൽപ്പെട്ടു. ഗർഭിണിയായ ചെറിയമ്മയെ പൊന്നുപോലെ നോക്കുന്ന ചെറിയച്ഛനെയാണ് ഓർമ വരിക.മനോഹരമായ വർണ്ണതൂവലുകളുള്ള കുഞ്ഞുപക്ഷികളായിരുന്നു അവ.
കുറച്ചുനാളുകൾക്കുശേഷം കിളി ക്കുഞ്ഞുങ്ങൾ പുറത്തുവരുന്നതും ആ ചോരവായിൽ അമ്മക്കിളി തീറ്റവച്ചു കൊടുക്കുന്നതും അവൾ കൗതുകത്തോടെ നോക്കിനിൽക്കുന്നത് പതിവായി

ഇതെല്ലാം കൗതുകത്തോടെ നോക്കിനിൽക്കുന്നതുകണ്ട് കൂട്ടുകാരി പൗർണമി ഒരിക്കലെന്നോട് . “നീ എന്താ ഇങ്ങനെ നോക്കി നിൽക്കുന്നത്? ഇതൊക്കെ ഇത്രവലിയ കാര്യമാണോ?” എന്ന് ചോദിച്ചു. അവൾ പറഞ്ഞതിലും സത്യമുണ്ട്. പതിനെട്ടുവയസുള്ള എനിക്ക് ഇതത്ര കൗതുകമുള്ള കാര്യമാകേണ്ടതില്ലല്ലോ? പക്ഷേ ചെറുപ്പം മുതലേ ബോംബെയിലെ ഫ്ലാറ്റിൽ ജീവിച്ചു വന്നതുകൊണ്ട് കിളിക്കൂടൊന്നും നേരിട്ട് കണ്ടിട്ടേയില്ല. നാട്ടിലേക്ക് വരാൻ എനിക്കെന്നും വലിയഇഷ്ടമായിരുന്നു. സന്ധ്യക്ക്‌ മമ്മിയും ഡാഡിയും കൂടി ബന്ധുവീടുകളിലൊക്കെ പോകുമ്പോൾ മുത്തശ്ശിയോടൊപ്പമിരുന്നുകൊണ്ട് നാട്ടുവിശേഷങ്ങൾ കേൾക്കാനായിരുന്നു എനിക്ക് താത്പര്യം. കണ്ണിമാങ്ങ പെറുക്കിനടക്കുന്നതും പുഴയിൽ മുങ്ങിനിവർന്നുള്ള കുളിയും എന്റെ കുട്ടിക്കാലത്തെ ഏറെ സ്പർശിച്ചിട്ടുണ്ട്.
ഡയറിയെടുത്ത് എന്തെങ്കിലും എഴുതാം .അന്നന്നുള്ള കാര്യങ്ങൾ അന്നന്ന് തന്നെ എഴുതുന്നതാണ് ശീലം. ആ കിളിയിൽനിന്നും മനസ്സിലായതെല്ലാം എന്നുമവൾ എഴുതാറുണ്ട്. ദൂരങ്ങളിലേക്ക് പറന്നുപോയി തന്റെ കൊക്കിൽ കൊള്ളാവുന്നത്രയും ഭക്ഷണം കൊണ്ടുവന്ന്‌ തന്റെ കുഞ്ഞുങ്ങൾക്ക് തീറ്റകൊടുക്കുന്ന ഒരമ്മക്കിളിയുടെ വാത്സല്യവും കരുതലും അവൾ കണ്ടു മനസ്സിലാക്കി. ഭക്ഷണം കൊടുക്കുന്ന സമയമല്ലെങ്കിൽ പോലും തൊട്ടടുത്തുള്ള മാവിൻ കൊമ്പിലോ ഓലയിലോ ഇരുന്ന്‌ ഇടക്ക് തല പൊന്തിച്ച് തൻ്റെ കുഞ്ഞുങ്ങൾ സുരക്ഷിതരല്ലേ എന്നുറപ്പു വരുത്തുന്നതും ശ്രദ്ധേയമാണ്.

മൂന്നാം സെമസ്റ്ററിലെ അസൈൻമെന്റിന്റെ തിരക്കിലായിരുന്ന ആ ദിവസങ്ങളിലാണ് അമ്മയുടെ നീട്ടിയുള്ളവിളി ചിന്തകളിൽ നിന്നും ഉണർത്തിയത്. “ഓ… ഈ അമ്മ എപ്പോഴും ഇങ്ങനെയാ. ഏതു നേരവും ഇങ്ങനെവിളിച്ചുകൊണ്ടിരിക്കും.ഒരു സമാധാനവും തരില്ല.കുറച്ചു നേരം ഒന്ന് കണ്ടില്ലെങ്കിൽ അപ്പോ വിളിച്ചു തുടങ്ങും”. മനസില്ലാമനസ്സോടെ എണീറ്റുനടക്കുന്നതിനിടയിലായിരുന്നു കിളികളുടെ അസാധാരണമായ ശബ്ദം കേട്ട് അവൾ മുറ്റത്തേക്ക് ഓടിയെത്തുന്നത്.കണ്ട കാഴ്ച അതിദാരുണമായിരുന്നു. ആ രണ്ടു പക്ഷികളും അങ്ങോട്ടുമിങ്ങോട്ടും ചാടിയും മറഞ്ഞും പാഞ്ഞും വെപ്രാളം കൂട്ടുന്നു. പറക്കമുറ്റാൻ കഴിയാതെ കുഞ്ഞുപക്ഷികളിലൊരാൾ കൂടിനു താഴെ നിന്ന് തൊട്ടടുത്തു നിൽക്കുന്ന കാക്കയുടെ വായും നോക്കി അന്ധാളിച്ചു നിൽക്കുന്നു.എല്ലാം വളരെ പെട്ടന്നായിരുന്നു.കാക്ക ആ കിളിക്കുഞ്ഞിനെ കൊത്തിയെടുത്ത് ദൂരേക്കു പറന്നുപോയി.വാവിട്ടു കരയുവാനല്ലാതെ മറ്റെന്തിനാണ് അവയ്ക്കു കഴിയുക! അന്ന് വൈകിട്ട് അച്ഛനോടു പറഞ്ഞപ്പോൾ എന്ന ചേർത്തുപിടിച്ച് അച്ഛൻ പറഞ്ഞു. “മോളേ എടുത്തു ചാടി ഒന്നുംചെയ്യരുത്. എല്ലാത്തിനും ഓരോ സമയമുണ്ട്. മാവിനു പൂക്കാനും കായ്ക്കാനും ഒരു സമയമില്ലേ അതുപോലെ”. ശരിയാണെന്ന് ലക്ഷ്മിക്കും തോന്നി.ഇങ്ങനെയാലോചിച്ചു. എന്തിനാണ് ആ കുഞ്ഞിക്കിളി ഇങ്ങനെ ചെയ്തതത്? എന്തിനാണ് ബലമില്ലാത്ത കുഞ്ഞുചിറകിട്ടടിച്ച് പറക്കാൻ ശ്രമിച്ചത്? നേരാനേരത്തിന് ഭക്ഷണവും ,നിറഞ്ഞ വാത്സല്യവും നൽകാൻ അച്ഛനും അമ്മയും ഉണ്ടായിരുന്നല്ലോ. എന്നിട്ടോ നഷ്ടപ്പെട്ടത് ഒരു ജീവൻ.കനമുള്ള മനസുമായി അവൾ പതുക്കെ അമ്മയുടെ അടുത്തേക്ക് പോയി.

പിറ്റേ ദിവസം വായിച്ച പത്രവാർത്തകളിലൊന്നിൽ വീടുവീട്ടിറങ്ങിപ്പോയ ഒരു പെൺകുട്ടിയ്ക്ക് സംഭവിച്ച ദാരുണാന്ത്യത്തെക്കുറിച്ചുണ്ടായിരുന്നു . പെട്ടന്നെന്തോ ആ കിളിക്കുഞ്ഞിനെ ഓർമ വന്നു. പല പ്രണയങ്ങളും ചില സൗഹൃദങ്ങളും ചെന്നെത്തുന്നത് ഇവിടേയ്ക്കാണ്. അങ്ങനെയല്ലാത്തതുമുണ്ടാകും. വിഴ്ചയിൽ നിന്ന് തിരിച്ചറിവുണ്ടാകേണം. മനുഷ്യരുടെ അത്ര പോലും ചിന്താശേഷിയില്ലാത്ത അമ്മക്കിളിയുടെ മാതൃസ്നേഹം നമ്മൾ നേരിട്ട് കണ്ടു കഴിഞ്ഞു. അപ്പോൾ മനുഷ്യരുടേത് പറയേണ്ടതില്ല.

ആസിഡ് ആക്രമണങ്ങളും കുത്തിക്കൊലകളും ലോകത്തിന് പുതിയവയല്ല. എന്തെങ്കിലും വൈകല്യങ്ങളുള്ള വ്യക്തിയായിരുന്നെങ്കിൽ സ്നേഹം നൽകാൻ വീട്ടിലുള്ളവരേ ഉണ്ടാവുകയുള്ളൂ. ബാക്കിയുള്ളവർക്ക് ‘അയ്യോ പാവം’ മാത്രമായിരിക്കും. ജനിക്കും മുമ്പേ നമ്മളെ സ്നേഹിച്ചു തുടങ്ങിയവർ! അവരുടെ കരുതലിനെയാണ് പലപ്പോഴും നമ്മൾ തെറ്റിദ്ധരിക്കുന്നത്. എന്തായാലും ഇന്നത്തെ പത്രവാർത്ത ഒരു പാഠമാണ്. ജീവിതത്തെ കുറച്ചു കൂടി സത്യസന്ധമായി കാണാൻ കിളികളുടെ ജീവിതം കൂടി ഉദാഹരണമായി….