മോന്‍സനെതിരായ പോക്‌സോ കേസ്; പേഴ്സണല്‍ മേക്കപ്പ് മാന്‍ അറസ്റ്റില്‍

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കലിന്റെ പേഴ്സണല്‍ മേക്കപ്പ് മാന്‍ ജോഷി അറസ്റ്റില്‍. മോന്‍സനൊപ്പം മേക്കപ്പ് മാനും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി ലഭിച്ചിരുന്നു. ഇന്ന് രാവിലെ ജോഷിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ നാളെ എറണാകുളം പോക്‌സോ കോടതിയില്‍ ഹാജരാക്കും.

തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നത്. പരാതിയില്‍ മോന്‍സന്‍ മാവുങ്കലിന്റെ ഗസ്റ്റ് ഹൗസില്‍ ഫോറന്‍സിക് പരിശോധന നടത്തിയിരുന്നു. പരാതിക്കാരിയെ മോന്‍സന്‍ മാവുങ്കലിന്റെ ഗസ്റ്റ് ഹൗസിലും വീട്ടിലുമെത്തിച്ച് തെളിവെടുപ്പും നടത്തിയിരുന്നു

അതിനിടെ മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റെ എല്ലുകള്‍ പിടികൂടി. വനം വകുപ്പാണ് വാഴക്കാലയിലെ വീട്ടില്‍ നിന്നും ഇവ പിടിച്ചത്. കലൂരിലെ വീട്ടില്‍ നിന്നും റെയ്ഡിന് തൊട്ടു മുന്‍പ് ഇവ മാറ്റിയിരുന്നു. ക്രൈംബ്രാഞ്ച് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പരിശോധന നടത്തിയത്.